| Thursday, 4th July 2024, 5:29 pm

ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനികളെ ബഹിഷ്‌കരിക്കണം; നിര്‍ണായക തീരുമാനവുമായി അറബ് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് അറബ് ലീഗ്. ബുധനാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം.

അനധികൃത ഇസ്രഈൽ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ അറബ് ബഹിഷ്‌കരണ നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും അറബ് ലീഗ് പ്രഖ്യാപിച്ചു.

കെയ്‌റോയില്‍ ബുധനാഴ്ച നടന്ന അറബ് റീജിയണല്‍ ഓഫീസുകളുടെ 96ാമത് കോണ്‍ഫറന്‍സിന്റെ സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്. അറബ് ലീഗിന്റെ ബഹിഷ്‌കരണ നിയമങ്ങള്‍ക്കനുസൃതമായി ഇസ്രഈലിലുള്ള നിക്ഷേപം പിന്‍വലിക്കണമെന്നും ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും കാട്ടി മറ്റ് കമ്പനികള്‍ക്കും അറബ് പ്രതിധികള്‍ നോട്ടീസ് അയച്ചു.

ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിനെ പിന്തുണച്ച് കൊണ്ട് ഇസ്രഈല്‍ ബഹിഷ്‌കരണ പ്രസ്ഥാനം (ബി.ഡി.എസ്) നടത്തി വരുന്ന ശ്രമങ്ങളെ അറബ് ലീഗ് അഭിനന്ദിക്കുകയും ചെയ്തു. ഇസ്രഈല്‍ ബഹിഷ്‌കരണ ഏജന്‍സിയും അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും തമ്മിലുള്ള സഹകരണവും ഏകോപനവും വര്‍ധിപ്പിക്കേണതുണ്ടെന്നും അറബ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

അധിനിവേശ അറബ് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ട ഇസ്രഈൽ കമ്പനികളുടെ വിവരങ്ങള്‍ ഓരോ വര്‍ഷവും അപ്‌ഡേറ്റ് ചെയ്യണമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനോട് അറബ് ലീഗ് ആവശ്യപ്പെട്ടു.

അതിനിടെ, ഗസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന നശീകരണവും വംശഹത്യയും കണക്കിലെടുത്ത് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്രഈലിനെ വിലക്കണമെന്ന് ഫിഫയോടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോടും അറബ് ലീഗ് ആവശ്യപ്പെട്ടു.

Content Highlight: Arab League strengthens boycott of companies that support Israel

We use cookies to give you the best possible experience. Learn more