| Sunday, 2nd February 2020, 3:26 pm

'നൂറ്റാണ്ടിന്റെ പദ്ധതി സമാധാനംകൊണ്ടുവരില്ല'; ട്രംപിന്റെ സമാധാന പദ്ധതി തള്ളി അറബ് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍-ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളി അറബ് ലീഗ്. ഈജിപ്തില്‍വെച്ച് നടന്ന അടിയന്തരയോഗത്തില്‍വെച്ചാണ് അറബ്യന്‍ ലീഗിലെ അംഗരാജ്യങ്ങളായ 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളിക്കളഞ്ഞത്.

ട്രംപ് നിര്‍ദ്ദേശിച്ച കരാര്‍ ഒരിക്കലും സമാധന ഇടപാടിലേക്ക് നയിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി.

പദ്ധതി ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളോ അഭിലാഷങ്ങളോ ഒന്നും തന്നെ തൃപ്തിപ്പെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി.  പദ്ധതി നടപ്പാക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്നും അറബ് ലീഗ് നിലപാടറിയിച്ചു.

ഫലസ്തീനുമായി കൂടിയാലോചിക്കാതെ ഡൊണാള്‍ഡ് ട്രംപും ഇസ്രഈല്‍ പ്രസിഡന്റ് നെതന്യാഹുവും ചേര്‍ന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ തുടക്കം മുതലേ ഫലസ്തീന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്കെതിരെ ലോകരാഷ്ട്രങ്ങളും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഐക്യരാഷ്ടസംഘടനയടക്കം വിഷയത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിന്നു. 1967ന് മുന്‍പ് അംഗീകരിച്ചിട്ടുള്ള രാജ്യാതിര്‍ത്തികള്‍ക്കനുസരിച്ച് ഇരു രാഷ്ട്രങ്ങളും സമാധാനത്തിലും സുരക്ഷിതവുമായി നിലനില്‍ക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചത്.

ട്രംപ് നൂറ്റാണ്ടിന്റെ പദ്ധതി എന്ന് വിശേഷിപ്പിച്ച പദ്ധതിയെ നൂറ്റാണ്ടിന്റെ ചതി എന്നാണ് ഇറാന്‍ വിളിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more