ഗസയിലേയും സിറിയയിലേയും ആക്രമണങ്ങളില്‍ അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത ലജ്ജിപ്പിക്കുന്നത്: യെമന്‍ പാര്‍ലമെന്റ്
World News
ഗസയിലേയും സിറിയയിലേയും ആക്രമണങ്ങളില്‍ അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത ലജ്ജിപ്പിക്കുന്നത്: യെമന്‍ പാര്‍ലമെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2024, 5:53 pm

സനാ: ഗസയിലും സിറിയയിലും നടക്കുന്ന അതിക്രമങ്ങളില്‍ മൗനം പാലിക്കുന്ന അറബ് രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി യെമന്‍ പാര്‍ലമെന്റ്. പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ ഗസയില്‍ കൊല്ലപ്പെടുന്ന ഫലസ്തീന്‍ വംശജരെ അടിയന്തരമായി സംരക്ഷിക്കാനുള്ള തീരുമാനങ്ങള്‍ അറബ് സമൂഹം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

ഇവയ്ക്ക് പുറമെ ഇസ്രഈലിന് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ആവശ്യമായ ശിക്ഷകള്‍ നല്‍കണമെന്നും യെമന്‍ പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഗസയെ പിന്തുണയ്ക്കുന്നവരെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാറയുടെ പരാമര്‍ശത്തെയും പാര്‍ലമെന്റ് യോഗം വിമര്‍ശിച്ചു. ഗസയെ പിന്തുണയ്ക്കുന്നവരല്ല യഥാര്‍ത്ഥ തീവ്രവാദികള്‍ എന്നും മറിച്ച് മറ്റൊരു രാജ്യത്തേക്ക് അധിനിവേശം നടത്തി സ്ത്രീകളേയും കുട്ടികളേയും മുതിര്‍ന്നവരേയും ഉപദ്രവിക്കുന്നവരാണ് കുറ്റവാളികളെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

കൂടാതെ വിദേശ ശക്തികള്‍ യെമന് നേരെ നടത്തുന്ന ആക്രമണങ്ങളില്‍ രാജ്യം ഐക്യത്തോടെ നിലകൊള്ളണമെന്നും ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെ സുരക്ഷയും പരമാധികാരവും ഉറപ്പ് വരുത്തണമെന്നും അതിന് രാജ്യത്തിന് അവകാശമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അതിനാല്‍ കരയിലുടേയും വെള്ളത്തിലൂടേയും വരുന്ന വിദേശ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നത് തുടരുമെന്നും പ്രസ്താവനയില്‍ ഊന്നിപ്പറയുകയുണ്ടായി.

യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍-ബ്രിട്ടീഷ്-ഇസ്രഈല്‍ ആക്രമണങ്ങളെയും പാര്‍ലമെന്റ് അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളടേയും യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടേയം ലംഘനമാണെന്നും നിലവിലെ ആക്രമണങ്ങള്‍ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

2023 ഒക്ടോബറില്‍ ഇസ്രഈല്‍ ഗസയില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഫല്‌സ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യെമനിലെ സായുധ സംഘടനയായ ഹൂത്തികള്‍ ഇസ്രഈലിനെ ആക്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെങ്കടലിലേയും ഏദന്‍ ഉള്‍ക്കടലിലേയും ഇസ്രഈലി ബന്ധമുള്ള കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഈ ഭീഷണി വര്‍ധിച്ചതോടെ യു.എസും ബ്രിട്ടനും സനയിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

Content Highlight: Arab countries silence on attacks in Gaza and Syria embarrassing says Yemen parliament