World News
അറബ് രാജ്യങ്ങളില്‍ നികുതി പരിഷ്‌കരണം വേണം, എ.ഐയെ സ്വീകരിക്കണം: യു.എ.ഇ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 04:37 pm
Monday, 10th February 2025, 10:07 pm

അബുദാബി: അറബ് രാജ്യങ്ങളില്‍ നികുതി പരിഷ്‌കരണം ആവശ്യപ്പെട്ട് യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി. വര്‍ധിച്ചുവരുന്ന സാമ്പത്തിക ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ നികുതി പരിഷ്‌കരണം അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

2025 വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഒമ്പതാമത് അറബ് ഫിസ്‌കല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ ഹുസൈനി.

രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തണമെന്നും ഹുസൈനി പറഞ്ഞു. രാജ്യങ്ങളുടെ പ്രതിരോധശേഷി ഉറപ്പ് വരുത്താന്‍ നികുതിയില്‍ പരിഷ്‌കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരം മെച്ചപ്പെടുത്തണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനെ സ്വീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയുടെ വളര്‍ച്ചക്കായി അധികൃതര്‍ പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം ഫോറത്തില്‍ പ്രതികരിച്ചു.

വര്‍ധിച്ചുവരുന്ന പൊതുകടം, സബ്സിഡി ചെലവുകള്‍, സാമൂഹിക സുരക്ഷാ ശൃംഖലകള്‍ തുടങ്ങിയവ സാമ്പത്തികമായി അറബ് രാജ്യങ്ങളില്‍ വെല്ലുവിളിയാകുന്നുണ്ടെന്നും യു.എ.ഇ മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയിലും സുസ്ഥിരമായ ഒരു വികസനം വേണമെന്നാണ് ഹുസൈനിയുടെ അഭിപ്രായം.

പ്രാദേശികമായ സാമ്പത്തിക കേന്ദ്രങ്ങള്‍ കാലാവസ്ഥ, സംഘര്‍ഷം എന്നിവയെ തുടര്‍ച്ചയായി നേരിട്ടുവെന്നും പ്രതിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തബോധം വികസനത്തിന്റെ ആധാരമാണെന്നും ഹുസൈനി കൂട്ടിച്ചേര്‍ത്തു.

നേരത്തെ അബുദാബിയില്‍ ഉത്തരവാദിത്തമുള്ള എ.ഐ ഫൗണ്ടേഷന്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.

എമിറാത്തി എ.ഐ ഡെവലപ്പര്‍ ജി42, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍, പശ്ചിമേഷ്യയിലും ഗ്ലോബല്‍ സൗത്തിലും വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പാരീസില്‍ നടന്ന എ.ഐ ഉച്ചകോടിക്ക് മുന്നോടിയായി മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നു.

എ.ഐയിലെ ആഗോള നേതൃത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിടെയാണ് അറബ് രാജ്യങ്ങള്‍ക്ക് യു.എ.ഇ മന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയത്.

Content Highlight: Arab countries need tax reform, embrace AI: UAE minister