സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഗസയില്‍ സമാധാനം പുലര്‍ത്താന്‍ അറബ് രാജ്യങ്ങള്‍ക്ക് പദ്ധതിയില്ല: ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി
World News
സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഗസയില്‍ സമാധാനം പുലര്‍ത്താന്‍ അറബ് രാജ്യങ്ങള്‍ക്ക് പദ്ധതിയില്ല: ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 5:39 pm

അമ്മാന്‍: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിന് ശേഷം ഗസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അറബ് രാജ്യങ്ങള്‍ക്ക് പദ്ധതികള്‍ ഒന്നും തന്നെയില്ലെന്ന് ജോര്‍ദാന്‍. ഇസ്രഈല്‍ നിര്‍മിതമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാൻ അറബ് രാജ്യങ്ങള്‍ക്ക് കഴിയില്ലെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി ബഹ്റൈനില്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ ഭാവിയിലെ ഫലസ്തീന്റെ വിധി എന്തായിരിക്കുമെന്ന് പശ്ചിമേഷ്യ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിച്ചതിന് ശേഷം അനിശ്ചിത കാലത്തേക്ക് ഗസയുടെ സുരക്ഷാ മുഴുവനായി ഇസ്രഈല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത് ഒരു വിരോധാഭാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇസ്രഈലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ അമേരിക്ക ഫലസ്തീനിലെ ഉപരോധമെന്ന ആശയത്തെ എതിര്‍ത്തുവെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസയില്‍ വീണ്ടും അധിനിവേശം ഉണ്ടാകരുതെന്നും ഉപരോധിക്കാന്‍ ശ്രമിക്കരുതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടിരുന്നെന്ന് ജോര്‍ദാന്‍ ചൂണ്ടിക്കാട്ടി.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ സര്‍ക്കാര്‍ ഗസയില്‍ നിന്ന് ഫലസ്തീനികളെ തുരത്താനാണ് ലക്ഷ്യമിടുന്നതെന്നും ഫലസ്തീനെ അനുകൂലിക്കുന്നതിന്റെ പേരില്‍ ജോര്‍ദാന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്വതന്ത്രമായ രണ്ട് രാജ്യങ്ങള്‍ രൂപീകരിക്കുക എന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമെന്ന് അയ്മാന്‍ സഫാദി ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍ ഓപ്പറേഷന്‍ അവസാനിച്ചതിന് ശേഷം യു.എസും യൂറോപ്യന്‍ യൂണിയനും ഫലസ്തീനില്‍ സമാധാനം കൊണ്ടുവരാന്‍ യു.എന്‍ സമാധാന സേനയെ പ്രേരിപ്പിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കയും, അറബ് രാജ്യങ്ങളുമായി സഹകരിച്ച് ഫലസ്തീനില്‍ സംഘര്‍ഷാനന്തര സമാധാനം വികസിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞന്‍ ജോസെപ് ബോറെല്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Arab countries have no plan for peace in Gaza: Jordanian foreign minister