| Sunday, 22nd January 2023, 6:35 pm

ലിവർപൂളിനെയും അറബ് കമ്പനി സ്വന്തമാക്കാൻ സാധ്യത; റിപ്പോർട്ടുകൾ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ അറബ് കമ്പനികളുടെ നിക്ഷേപങ്ങൾ തുടരുകയാണ്. പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, ന്യൂ കാസിൽ യുണൈറ്റഡ് തുടങ്ങി അനവധി ക്ലബ്ബുകളിൽ ഇപ്പോൾ തന്നെ നിക്ഷേപം നടത്തിയിട്ടുള്ള അറബ് കമ്പനികളും ശതകോടീശ്വരൻമാരും ഇനിയും ഇത്തരത്തിലുള്ള നിക്ഷേപം തുടരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മുൻപ് എണ്ണയിൽ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസം, സ്പോർട്സ് മുതലായ മേഖലകളിൽ നിന്നും കൂടുതൽ വരുമാനം കണ്ടെത്താനായി ഈ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ് വർധിപ്പിക്കാൻ സൗദി അവിടുത്തെ സ്വകാര്യ വ്യക്തികളോടും കമ്പനികളോടും ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ പ്രീമിയർ ലീഗിൽ പുതിയ ഉടമകളെ തേടുന്ന ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളിൽ ലിവർപൂളിനെ ഏറ്റെടുക്കാൻ ഖത്തറിന് താൽപര്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നിരിക്കുകയാണ്. ഏകദേശം 445 ബില്യൺ ഡോളർ ചിലവാക്കി ലിവർപൂളിനെ ഏറ്റെടുക്കാൻ ഖത്തർ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നതായി മാധ്യമ പ്രവർത്തകനായ അലക്സ് മില്ലറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഖത്താരി സർക്കാരിന്റെ വെൽത്ത് ഫണ്ടിൽ നിന്നുമാണ് ഈ തുക ചിലവഴിക്കപ്പെടുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ജോൺ ഹെൻറിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ കമ്പനിയായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പാണ് ലിവർപൂളിന്റെ നിലവിലെ ഉടമകൾ.

ഫെൻവേക്ക് കീഴിൽ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമടക്കമുള്ള ടൈറ്റിലുകൾ ലിവർപൂൾ സ്വന്തമാക്കിയിട്ടുണ്ട്.

ലിവർപൂളിനെ മൊത്തമായി വിൽക്കാനാണ് ഫെൻവെ ഗ്രൂപ്പ്‌ താല്പര്യപ്പെടുന്നത് എന്നും ക്ലബ്ബിനെ മൊത്തമായി വിൽക്കാൻ സാധിച്ചില്ലെങ്കിൽ ചെറിയ ഒരു ഓഹരി മാത്രം വിറ്റ് ക്ലബ്ബിന്റെ ഉടമകളായി തുടരാനുമാണ് ഫെൻവേ ഗ്രൂപ്പിന് താല്പര്യം എന്ന റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നിരുന്നത്.

ഖത്തർ നിക്ഷേപക അതോറിറ്റിയുടെ സി.ഇ. ഒയായ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് നിക്ഷേപക സാധ്യതകൾ തേടി ലിവർപൂളുമായി ചർച്ച നടത്തിയെന്ന് ക്യാച്ച് ഓഫ് സൈഡാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“ക്ലബ്ബിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉറച്ചൊരു തീരുമാനത്തിലേക്ക് ഞങ്ങൾ ഇത് വരെയെത്തിച്ചേർന്നിട്ടില്ല. എന്നാൽ ഈ ഏറ്റെടുക്കൽ സാധ്യമായാൽ അത് സാമ്പത്തികമായി വലിയൊരു ഉണർവ് രാജ്യത്തിനുണ്ടാക്കുന്ന തീരുമാനമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

സ്പോർട്സ്സിലെ നിക്ഷേപം ഭാവിയിൽ വലിയ സാധ്യതകൾ നമുക്ക് മുന്നിൽ തുറക്കാൻ വഴിയൊരുക്കും. ആളുകൾ സ്പോർട്സിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്ന കാലഘട്ടമാണിത്. അതിനാൽ തന്നെ കായിക മേഖലയിലെ നിക്ഷേപം ഒരിക്കലും നമുക്ക് നിരാശ സമ്മാനിക്കില്ല,’ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് പറഞ്ഞു.

അതേസമയം ഫോർബ്സ് മാസികയുടെ കണക്ക് പ്രകാരം 4.45 ബില്യൺ മൂല്യമുള്ള ലിവർപൂൾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ നാലാമത്തെ ക്ലബ്ബാണ്. റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളാണ് ലിവർപൂളിനെക്കാൾ മൂല്യമുള്ള മറ്റു ക്ലബ്ബുകൾ.

Content Highlights:Arab company likely to own Liverpool too; Reports are out

We use cookies to give you the best possible experience. Learn more