ലണ്ടന്‍: ഗസയിലെ വംശഹത്യ പരാമര്‍ശത്തില്‍ ബ്രിട്ടന്‍ വിദേശകാര്യമന്ത്രി ഡേവിഡ് ലാമിക്കെതിരെ അറബ് പൊതുപ്രവര്‍ത്തകര്‍. ഫലസ്തീനില്‍ വംശഹത്യ നടക്കുന്നില്ലെന്ന പരമാര്‍ശത്തിനെതിരെയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പ്രമുഖരായ 300ലധികം അറബ് പൊതുപ്രവര്‍ത്തകരാണ് ഡേവിഡ് ലാമിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനിലെ അറബ് അസംബ്ലി പുറത്തുവിട്ട തുറന്ന കത്തിലാണ് വിദേശകാര്യമന്ത്രിക്കെതിരായ വിമര്‍ശനം.
‘40000ത്തിലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടും ലക്ഷകണക്കിന് ആളുകളെ കുടിയിറങ്ങാന്‍ നിര്‍ബന്ധിച്ചിട്ടും ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയല്ലെന്ന് പറയുന്നതില്‍ ദുഃഖമുണ്ട്,’ ഡേവിഡ് ലാമിയുടെ പരാമര്‍ശത്തില്‍ അപലപിച്ച് അറബ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
ബ്രിട്ടനിലെ അറബ് ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സബാഹ് അല്‍ മുഖ്താര്‍, യു.കെയിലെ അല്‍അറബ് മേധാവി അദ്നാന്‍ ഹ്‌മിദാന്‍, മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് കസ്ബര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. കോര്‍ഡോബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അനസ് അല്‍ തിക്രിതി, അറബി 21 ന്യൂസ് ഔട്ട്ലെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫിറാസ് അബു ഹിലാല്‍ എന്നിവരും പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.
ഡേവിഡ് ലാമി അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുന്നുവെന്നും അറബ് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിലൂടെ ഒരു വിഭാഗം ജനതയെ ലക്ഷ്യമിട്ടുള്ള ആക്രമണം, മാനുഷിക സഹായം തടയല്‍ എന്നിവ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ മൂല്യം ഇല്ലാതാകുകയാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ലാമിയുടെ പരാമര്‍ശം ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളുടെ വ്യാപ്തി മറച്ചുവെക്കുന്നതാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
തിങ്കളാഴ്ച യു.കെ പാര്‍ലമെന്റില്‍ ഡേവിഡ് ലാമി പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. ഗസയില്‍ വംശഹത്യ നടക്കുന്നില്ലെങ്കില്‍ ഡേവിഡ് ലാമി അക്കാര്യം തെളിയിക്കണമെന്ന് പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് എം.പി നിക്ക് തിമോത്തി പറഞ്ഞു.
എന്നാല്‍ ഗസയില്‍ വംശഹത്യ നടക്കുന്നുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടത് അന്താരാഷ്ട്ര കോടതികളാണെന്ന് ഡേവിഡ് ലാമി മറുപടി നല്‍കിയത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് വംശഹത്യ എന്ന പദം ഉപയോഗിച്ചിരുന്നു. ഈ വാക്ക് ഗസയിലെ സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നതില്‍ ലോകമഹായുദ്ധത്തിന്റെ ഗൗരവത്തെ ഇല്ലാതാക്കുമെന്നും ലാമി പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് വിദേശകാര്യമന്ത്രിക്കെതിരായ പ്രതിഷേധം അറബ് പൊതുപ്രവര്‍ത്തകര്‍ ശക്തമാക്കുന്നത്. ഡേവിഡ് ലാമി തന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഫലസ്തീനികള്‍ നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിക്കണമെന്നും അറബ് പൊതുപ്രവര്‍ത്തകര്‍ ഡേവിഡ് ലാമിയോട് പറഞ്ഞു.
Content Highlight: Arab acitivists against the remarks of the British foreign minister