| Sunday, 24th June 2018, 6:02 pm

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ വീണ്ടും മലയാളി സ്ത്രീസാന്നിധ്യം; എ.ആര്‍ സിന്ധു കേന്ദ്ര കമ്മിറ്റിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ.കെ ശൈലജ, പി.കെ. ശ്രീമതി, എം.സി ജോസഫൈന്‍ എന്നിവര്‍ക്ക് ശേഷം നിലവിലെ സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്കൂള്ള അടുത്ത മലയാളി വനിതാ നേതാവാകുകയാണ് എ.ആര്‍ സിന്ധു. ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ.ആര്‍ സിന്ധു വര്‍ഷങ്ങളായി രാഷ്ട്രീയ – സാമൂഹ്യരംഗത്തെ നിറസാന്നിധ്യമാണ്.

സി.ഐ.ടി.യുവിന്റെ ദേശീയ സെക്രട്ടറിമാരിലൊരാളാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പുതിയ അംഗമായ സിന്ധു.


Also Read: മോദിയുടെ റാലിയില്‍ കറുപ്പ് ധരിച്ചെത്തിയ ഗ്രാമീണരുടെ തുണിയുരിയിച്ച് മധ്യപ്രദേശ് പൊലീസ്; കലക്ടര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കറുത്ത കോട്ടണിഞ്ഞ്


ഏപ്രിലില്‍ ഹൈദരാബാദ് വെച്ചുനടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് കേന്ദ്ര കമ്മിറ്റിയിലേക്കുള്ള 95 അംഗങ്ങളില്‍ ഒരു സീറ്റിലേക്കൊഴിച്ച് മറ്റെല്ലാ അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള ഒരു സീറ്റ് വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് സിന്ധുവിനെ തെരഞ്ഞെടുത്തതായി ഇപ്പോള്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

കടപ്പാട്: ബിബില്‍ കോഴിക്കളത്തില്‍(ഫേസ്ബുക്ക്)

ഇതോടെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ വനിതാ നേതാക്കളുടെ സാന്നിധ്യം പതിനഞ്ചായി. ഇതില്‍ തന്നെ, ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട എ.ആര്‍ സിന്ധു അടക്കം നാല് പേര്‍ മലയാളികളാണ്. കെ.കെ ശൈലജ, പി.കെ. ശ്രീമതി, എം.സി ജോസഫൈന്‍ എന്നിവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് പൊതു തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴായി പാര്‍ട്ടിക്കുവേണ്ടി മത്സരിച്ചവരാണ്.


Also Read:കോണ്‍ഗ്രസ്സ് സഖ്യകക്ഷികളെ “ഡ്രൈവിംഗ് സീറ്റി”ലിരുത്തണം; ബി.ജെ.പിക്കെതിരെ വിശാലസഖ്യം യാഥാര്‍ത്ഥ്യമാക്കണം: തേജസ്വി യാദവ്


ഇവരില്‍ നിന്നും വ്യത്യസ്തമായി ദല്‍ഹി പ്രധാന പ്രവര്‍ത്തനമണ്ഡലമാക്കിയയാളാണ് കോട്ടയം പാല സ്വദേശിയായ എ.ആര്‍ സിന്ധു.

സി.ഐ.ടി.യുവിന്റെ കീഴിലുള്ള ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് എന്ന സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സിന്ധു. 26 സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സിന്ധുവിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്.


Also Read: ദിലീപിനെ “അമ്മ”യില്‍ തിരിച്ചെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്


26 ലക്ഷത്തോളം വരുന്ന അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് തൊഴില്‍മേഖലകളില്‍ സുരക്ഷയുറപ്പാക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ തലത്തില്‍ നടന്ന സമരത്തിനു നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് എ.ആര്‍.സിന്ധു.

സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും കിസാന്‍ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദ് സിന്ധുവിന്റെ ഭര്‍ത്താവാണ്.

We use cookies to give you the best possible experience. Learn more