| Thursday, 21st November 2024, 1:25 pm

ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് എ.ആര്‍. റഹ്‌മാന്; ആദ്യമായി ഈ പുരസ്‌കാരം നേടുന്ന മലയാള സിനിമയായി ആടുജീവിതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് (HMMA) എ.ആര്‍ റഹ്‌മാന്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. അടുത്തിടെ എച്ച്.എം.എം.എ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ ആടുജീവിതം രണ്ട് നോമിനേഷനുകള്‍ സ്വന്തമാക്കിയിരുന്നു.

മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമായിട്ടായിരുന്നു ഈ രണ്ടു നാമനിര്‍ദേശങ്ങളും ആടുജീവിതം നേടിയത്. പുരസ്‌കാര വിതരണ ചടങ്ങില്‍ റഹ്‌മാന് വേണ്ടി സംവിധായകന്‍ ബ്ലെസിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.

‘ഈ വലിയ അംഗീകാരത്തിന് നന്ദി. എ.ആര്‍. റഹ്‌മാന് വേണ്ടിയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നു,’ പുരസ്‌കാരം സ്വീകരിച്ച ശേഷം ബ്ലെസി പറഞ്ഞു.

ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനവും ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡില്‍ പരിഗണിക്കപ്പെട്ടിരുന്നു. മികച്ച ഗാനത്തിനുള്ള അവാര്‍ഡിനായിരുന്നു ഈ ഗാനം പരിഗണിച്ചത്.

സിനിമ, ടിവി, വീഡിയോ ഗെയിമുകള്‍, ട്രെയ്‌ലറുകള്‍, പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒറിജിനല്‍ മ്യൂസിക്കിനെയാണ് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡില്‍ (എച്ച്.എം.എം.എ) പരിഗണിക്കുന്നത്. ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അക്കാദമിയാണ് എച്ച്.എം.എം.എ സംഘടിപ്പിക്കുന്നത്.

ആടുജീവിതം:

ഈ വര്‍ഷം തിയേറ്ററില്‍ എത്തി വലിയ വിജയമായ സിനിമയായിരുന്നു ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത് ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകന്‍. മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ഈ സിനിമ.

Content Highlight: AR Rahman Won Hollywood Music in Media Award, And Aadujeevitham Becomes the first Malayalam film to win this award

We use cookies to give you the best possible experience. Learn more