| Thursday, 26th January 2023, 8:43 pm

ജനങ്ങള്‍ക്ക് സിനിമാക്കാരെ വിശ്വാസമില്ലാതായി, രാജ്കുമാര്‍ സന്തോഷി ഇര; ഗാന്ധി ഗോഡ്‌സേ സംവിധായകനെ പിന്തുണച്ച് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാന്ധി ഗോഡ്‌സേ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയെ പിന്തുണച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. സിനിമ കാണുന്നതിന് മുമ്പ് വിധിയെഴുതുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇപ്പോള്‍ ജനങ്ങള്‍ക്ക് സിനിമാക്കാരെ വിശ്വാസമില്ലാതായെന്നും റഹ്‌മാന്‍ പറഞ്ഞു. അതിന് കാരണം സിനിമാക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നതാണെന്നും രാജ്കുമാര്‍ സന്തോഷി അതിന്റെ ഇരയാണെന്നും സിനിമയുടെ പ്രസ് മീറ്റില്‍ റഹ്‌മാന്‍ പറഞ്ഞു.

‘സിനിമ കാണുന്നതിന് മുമ്പ് ആളുകള്‍ വിധിയെഴുതുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്കുമാര്‍ സന്തോഷിയുടെ ചിത്രം ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സിനിമ മഹാത്മാഗാന്ധിയുടെ പാരമ്പര്യത്തിന് തുരങ്കം വെക്കുന്നതാണെന്നും അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയെ മഹത്വവല്‍കരിക്കുന്നതാണെന്നും ചിലര്‍ പറയുന്നു.

അവര്‍ സിനിമ കണ്ടിട്ട് പോലുമില്ല. ട്രെയ്‌ലര്‍ കണ്ട് തന്നെ സിനിമ പക്ഷം പിടിക്കുകയാണെന്ന് പറയുന്നു. ജനങ്ങള്‍ക്ക് സിനിമാക്കാരില്‍ വിശ്വാസമില്ലാതായിരിക്കുന്നു. കാരണം സിനിമാക്കാര്‍ പക്ഷം പിടിക്കുകയാണിപ്പോള്‍. നിര്‍ഭാഗ്യവശാല്‍ രാജ്കുമാര്‍ അതിന്റെ ഇരയാണ്,’ റഹ്‌മാന്‍ പറഞ്ഞു.

ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നാണ് സംവിധായകന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്. ‘ഗാന്ധിയും ഗോഡ്‌സേയും ഭയമില്ലാത്തവരായിരുന്നു. ഗാന്ധിയെ കൊന്നതിന് ശേഷമുള്ള അനന്തരഫലങ്ങളെ പറ്റി ഗോഡ്‌സേക്ക് ഭയമില്ലായിരുന്നു. ഇങ്ങനെ ഭയമില്ലാത്ത രണ്ട് മനുഷ്യരെ പറ്റി സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം.

വധഭീഷണിയെ ഞാന്‍ പേടിക്കുന്നില്ല. എന്നാല്‍ ഇത് ഗൗരവതരമായ ഭീഷണിയായതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അടുപ്പക്കാര്‍ നിര്‍ബന്ധിച്ചിരുന്നു. അതുകൊണ്ട് മുംബൈ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു. അവര്‍ അത് ഉറപ്പാക്കുകയും ചെയ്തു. അവരോട് നന്ദിയുണ്ട്,’ രാജ്കുമാര്‍ സന്തോഷി പറഞ്ഞു.

ചിത്രത്തിന്റെ പ്രസ് മീറ്റിനിടയില്‍ പ്രതിഷേധമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന പ്രതിഷേധക്കാര്‍ കറുത്ത കൊടി ഉയര്‍ത്തുകയും മഹാത്മാ ഗാന്ധി സിന്ദാബാദ് വിളിക്കുകയുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ ധീരമായ പാരമ്പര്യത്തിന് തുരങ്കം വെക്കുന്നതും അദ്ദേഹത്തിന്റെ കൊലപാതകിയെ മഹത്വവല്‍ക്കരിക്കുന്നതുമാണ് ചിത്രമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിനെതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. അവരുടെ ഹീറോ ഗോഡ്സേയാണെന്നും അതിനാല്‍ തന്നെ ഗോഡ്സേയെ അവര്‍ ഹീറോയാക്കി ചിത്രീകരിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നുമാണ് തുഷാര്‍ ഗാന്ധി പറഞ്ഞത്.

Content Highlight: ar Rahman supports director of Gandhi Godse ek yudh movie 

Latest Stories

We use cookies to give you the best possible experience. Learn more