| Tuesday, 17th December 2024, 10:36 am

സക്കീര്‍ ഭായിയുമായി ആല്‍ബം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് നടക്കാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു: എ.ആര്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീത ലോകത്ത് തബലയില്‍ മായാജാലം സൃഷ്ടിച്ച ഇതിഹാസ തബല വിദ്വാന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്റെ മരണം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നുണ്ട്. സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും സക്കീര്‍ ഹുസൈന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലും എക്‌സ് അക്കൗണ്ടിലും എ.ആര്‍ റഹ്‌മാന്‍ സക്കീര്‍ ഹുസൈനുമായുള്ള ഫോട്ടോകള്‍ അദ്ദേഹം പങ്കുവെച്ചു. സക്കീര്‍ ഹുസൈന്‍ തനിക്ക് പ്രചോദനമായിരുന്നെന്നും തബലയെ ആഗോളതലത്തില്‍ ഉയര്‍ത്തിയ വ്യക്തിയാണെന്നും എ.ആര്‍ റഹ്‌മാന്‍ പറയുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒന്നിച്ചൊരു ആല്‍ബം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ അത് ചെയ്യാന്‍ കഴിയാത്തതിനാല്‍ താന്‍ ഇപ്പോള്‍ ഖേദിക്കുണ്ടെന്നും അദ്ദേഹം എക്സില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.

‘സക്കീര്‍ ഭായ് ഒരു പ്രചോദനമായിരുന്നു, ആഗോള തലത്തില്‍ തബലയെ ഉയര്‍ത്തിയ ഉന്നത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം നമുക്കെല്ലാവര്‍ക്കും നികത്താനാവാത്തതാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് ഒരു ആല്‍ബം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അദ്ദേഹവുമായി സഹകരിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്കും ഈ നഷ്ടം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ,’ എ.ആര്‍ റഹ്‌മാന്‍ എക്സില്‍ കുറിച്ചു.

തബല സംഗീതജ്ഞനും അഞ്ച് തവണ ഗ്രാമി അവാര്‍ഡ് ജേതാവുമായ സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച (ഡിസംബര്‍ 15) സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇഡിയൊപാത്തിക് പള്‍മണറി ഫൈബ്രോസിസ് (ഐപിഎഫ്) മൂലം അന്തരിച്ചിരുന്നു.

Content Highlight: AR Rahman shares He And  Zakir Hussain planned an album together

We use cookies to give you the best possible experience. Learn more