| Tuesday, 22nd October 2024, 5:22 pm

കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ട് കമ്പോസ് ചെയ്യാനായിരുന്നു ഏറ്റവും പാട്: എ.ആര്‍. റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറിയ റഹ്‌മാന്‍ 32 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടാത്ത നേട്ടങ്ങളില്ല. തന്റെ മാസ്മരികസംഗീതത്തിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മദ്രാസിന്റെ മൊസാര്‍ട്ട് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിലും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാര്‍ഡ് നേടി സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു.

ഐശ്വര്യ റായ്, അക്ഷയ് ഖന്ന, അനില്‍ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി 1999ല്‍ റിലീസായ ഹിന്ദി ചിത്രമായിരുന്നു താല്‍. ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത് റഹ്‌മാനായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ചിത്രത്തിലെ താല്‍ സേ താല്‍ മിലാ എന്ന ഗാനം കമ്പോസ് ചെയ്യാനായിരുന്നു ഏറ്റവും പാടെന്ന് പറയുകയാണ് റഹ്‌മാന്‍. കേള്‍ക്കുമ്പോള്‍ വളരെ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 ട്യൂണ്‍ കമ്പോസ് ചെയ്തിട്ടുണ്ടായിരുന്നെന്ന് റഹ്‌മാന്‍ പറഞ്ഞു.

ആ പാട്ട് എഴുതിയ ആനന്ദ് ബക്ഷി ലിറിക്‌സ് തന്നിട്ട് ഇതിന് ചേരുന്ന പാട്ട് കമ്പോസ് ചെയ്യൂ എന്ന് പറഞ്ഞെന്നും ഒരുപാട് ട്യൂണുകള്‍ ട്രൈ ചെയ്‌തെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന ട്യൂണിലേക്കെത്തിയതെന്നും റഹ്‌മാന്‍ പറഞ്ഞു. ബക്ഷി ബോംബൈയിലും താന്‍ ചെന്നൈയിലുമായിരുന്നെന്നും ലിറിക്‌സുമായി ചെന്നൈയിലേക്കും ട്യൂണുമായി ബോംബൈയിലേക്കും പോകുന്ന യാത്ര വളരെ രസകരമായിരുന്നെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. റേഡിയോ നഷയോട് സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.

‘താലില്‍ മൊത്തം 12 ട്രാക്കുകളാണ് ഉണ്ടായിരുന്നത്. ‘ഇഷ്‌ക് ബിനാ’ ഒക്കെ വളരെ എളുപ്പത്തില്‍ കമ്പോസ് ചെയ്‌തെടുത്ത പാട്ടുകളാണ്. കമ്പോസ് ചെയ്യാന്‍ ഏറ്റവും പാട് ‘താല്‍ സേ താല്‍ മില’ ആയിരുന്നു. ആനന്ദ് ബക്ഷി സാര്‍ ലിറിക്‌സ് തന്നിട്ട് ഇതാണ് പാട്ടെന്ന് പറഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ താല്‍ സേ താല്‍ മില. കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി നോക്കി. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്.

ആ പാട്ട് ചെയ്യുന്ന സമയത്ത് ബക്ഷി സാര്‍ മുംബൈയിലും ഞാന്‍ ചെന്നൈയിലുമായിരുന്നു. ലിറിക്‌സുമായി ചെന്നൈയിലേക്കും ട്യൂണുമായി ബോംബൈയിലേക്കുമുള്ള യാത്രകള്‍ രസകരമായിരുന്നു. താല്‍ റിലീസായി 25 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റിയും അതിലെ പാട്ടുകളെപ്പറ്റിയും ഒക്കെ ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: AR Rahman saying that Taal se Taal Mila was the toughest song to compose

We use cookies to give you the best possible experience. Learn more