മണിരത്‌നം- റഹ്‌മാന്‍ കോംമ്പോ ഒത്തുചേരുമ്പോള്‍ സംഭവിക്കുന്നതിനെ മാജിക് എന്നല്ലാതെ മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാനാവില്ല. അലൈപായുതേ, റോജ, ബോംബെ, രാവണ്‍, ഒ.കെ. കണ്‍മണി എന്നിങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റില്‍ റഹ്‌മാനും മണിരത്‌നവും ഒന്നുചേര്‍ന്നപ്പോള്‍ സിനിമ ഒരു മാസ്മരിക അനുഭവമാവുകയായിരുന്നു പ്രേക്ഷകര്‍ക്ക്.
പൊന്നിയിന്‍ സെല്‍വനിലും ഇത് ആവര്‍ത്തിക്കുകയാണ്. സിനിമയെയാകെ തന്റെ സംഗീതം കൊണ്ട് ഉയര്‍ത്തുന്നുണ്ട് റഹ്‌മാന്‍. ആദിത്യ കരികാലന്‍- നന്ദിനി ബാല്യകാല പ്രണയത്തിലാണ് പി.എസ് 2വില്‍ റഹ്‌മാന്‍ മാജിക് തുടങ്ങുന്നത്. ഈ രംഗത്തില്‍ റഹ്‌മാന്‍ മ്യൂസിക്കിനൊപ്പം രവിവര്‍മന്റെ ഫ്രെയ്മുകള്‍ കൂടി വരുമ്പോള്‍ ഭാവനകള്‍ക്കുമപ്പുറമുള്ള ദൃശ്യ-ശ്രവ്യ അനുഭവമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. കൗമാര പ്രണയത്തിന്റെ നിഷ്‌കളങ്കതയും വിരഹത്തിന്റെ വേദനയുമെല്ലാം ‘ചിന്നഞ്ചിരു നിലവേ’ എന്ന പാട്ടില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്.
അല്പ നേരത്തേക്ക് മാത്രം വന്ന ‘അക നക മുക നകയേയും’ പ്രതീക്ഷിക്കാതെ കിട്ടിയ വിരുന്നായി. ഈ രംഗത്തിന്റെ പൂര്‍ണതയില്‍ റഹ്‌മാന് പുറമേ കാര്‍ത്തി- തൃഷ കെമിസ്ട്രിയും രവിവര്‍മന്റെ ക്ലോസ്, വൈഡ് ഷോട്ടുകളും തുല്യ പങ്ക് വഹിച്ചിട്ടുണ്ട്.
എടുത്ത് പറയേണ്ടുന്ന മറ്റൊരു രംഗം നന്ദിനിയും പാര്‍ത്ഥിപേന്ദ്രയും ഒന്നിച്ചു വരുന്നതാണ്. വാക്കുകളും ഒപ്പം തന്റെ സൗന്ദര്യവും പാര്‍ത്ഥിപേന്ദ്രയെ മയക്കാനുള്ള ആയുധങ്ങളായാണ് നന്ദിനി ഉപയോഗിക്കുന്നത്. ഈ രംഗത്തില്‍ റഹ്‌മാന്‍ ഉപയോഗിച്ചിരിക്കുന്നത് നാഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഗീതമാണ്, നന്ദിനിയുടെ വശ്യതക്കൊപ്പം നില്‍ക്കുന്ന ബി.ജി.എം.
‘വീര രാജ വീര’ എന്ന പാട്ടില്‍ ചോള രാജവംശത്തിന്റെ പ്രൗഢിയും ധീരതയും പ്രതിഫലിക്കുന്നുണ്ട്. ചോളന്മാരുടെ പകയും പ്രതികാരവും സ്‌നേഹവും കരുണയുമെല്ലാം സംഗീതം കൊണ്ട് ജ്വലിപ്പിച്ച് ഒരു മാസ്മരിക പ്രപഞ്ചം തന്നെ റഹ്‌മാന്‍ സൃഷ്ടിക്കുന്നുണ്ട്.