സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.
എന്നാല്‍ ആരും ചര്‍ച്ച ചെയ്യാതെ പോകുന്ന ഡെഡിക്കേഷനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന വെബ്‌സൈറ്റ് ലോഞ്ച് ചടങ്ങിനിടെ എ.ആര്‍ റഹ്‌മാന്‍ സൂചിപ്പിച്ചു. സംവിധായകന്‍ ബ്ലെസിയെക്കുറിച്ചാണ് എ.ആര്‍ റഹ്‌മാന്‍ പറഞ്ഞത്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് കഥ പറയാന്‍ വന്നപ്പോള്‍ ബ്ലെസിയുടെ മുടി കറുത്തിട്ടായിരുന്നെന്നും ഇപ്പോള്‍ എല്ലാം നരച്ചെന്നുമാണ് റഹ്‌മാന്‍ പറഞ്ഞത്. 10 വര്‍ഷത്തോളമാണ് ഈ സിനിമക്ക് വേണ്ടി ബ്ലെസി മാറ്റിവെച്ചത്
‘മാര്‍ച്ച് 10ന് സിനിമയുടെ മ്യൂസിക് ലോഞ്ച് നടക്കാന്‍ പോവുകയാണ്. വെറുമൊരു മ്യൂസിക് ലോഞ്ച് മാത്രമല്ല, ഇദ്ദേഹത്തിന്റെ (ബ്ലെസിയെ ചൂണ്ടിക്കാണിച്ചുകൊണ്ട്) സ്വപ്‌നവും കൂടിയാണ് ലോഞ്ച് ചെയ്യപ്പെടുന്നത്. അതുപോലെ സിനിമയുടെ ഷൂട്ട് ആരംഭിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ മുടി കറുത്തിട്ടായിരുന്നു. ഇപ്പോള്‍ മുഴുവന്‍ നരച്ചു,’ റഹ്‌മാന്‍ പറഞ്ഞു.
ഒരുപാട് കാലത്തിന് ശേഷമാണ് ഒരു മലയാളസിനിമയക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത്. യോദ്ധയ്ക്ക് ശേഷം ഫഹദ് ഫാസിലിനോടൊപ്പം ഒരു ചെറിയ സിനിമ ചെയ്തു. പക്ഷേ ആടുജീവിതം അതിന് മുന്നേ തുടങ്ങിയ വര്‍ക്കാണ്. ഒരു മ്യുസിഷ്യന്‍ എന്ന നിലയില്‍ റിയലിസ്റ്റിക്കായ വര്‍ക്കുകളാണ് ഇതില്‍ കൂടുതല്‍. ബ്ലെസ്സിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബെന്യാമിന്‍, പൃഥ്വിരാജ് അതുപോലെ ഈ സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരും അവരുടെ സോള്‍ ഈ സിനിമക്കായി നല്‍കിയിട്ടുണ്ട്. സിനിമയിലുള്ള എന്റെ വിശ്വാസം അവരെ കാണുമ്പോള്‍ ഒന്നുകൂടി ഉറപ്പിക്കുന്നു. മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയാണ് ബ്ലെസ്സി ചെയ്തുവെച്ചിരിക്കുന്നത്,’ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെക്കൂടാതെ അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ്, റിക് അബി, ശോഭാ മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തും.
Content Highlight: AR Rahman mentioning Blessy’s makeover in Aadujeevitham