ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കേട്ട പാട്ടുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. എല്ലാവര്‍ഷവും സ്‌പോട്ടിഫൈ വ്രാപ്ഡ് എന്ന പേരില്‍ ആ വര്‍ഷത്തെ ടോപ് പ്ലേലിസ്റ്റുകളുടെയും ആര്‍ട്ടിസ്റ്റുകളുടെയും ലിസ്റ്റ് പുറത്തുവിടാറുണ്ട്. ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവുമധികം കേട്ട പാട്ടുകളില്‍ ഒന്നാമതുള്ളത് അനിമലിലെ പെഹലേ ഭീ മേന്‍ ആണ്.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഏറ്റവുമധികം ആളുകള്‍ കേട്ട ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റാണ്. അര്‍ജിത് സിങും പ്രീതവും ഒന്നും രണ്ടും സ്ഥാനം അലങ്കരിച്ച ലിസ്റ്റില്‍ മൂന്നാമതുള്ളത് ഇസൈപ്പുയല്‍ എ.ആര്‍ റഹ്‌മാനാണ്. സംഗീതലോകത്ത് 33 വര്‍ഷം പിന്നിടുമ്പോഴും തലമുറകളുടെ വ്യത്യാസമില്ലാതെ ഓരോരുത്തരെയും തന്റെ സംഗീതത്താല്‍ കീഴ്‌പ്പെടുത്താന്‍ മദ്രാസിന്റെ മൊസാര്‍ട്ടിന് സാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആറ് സിനിമകളാണ് റഹ്‌മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയത്. അയലാന്‍, ലാല്‍ സലാം എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ ബോളിവുഡ് ചിത്രം മൈദാന്‍ സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവമായി മാറി. ഒ.ടി.ടി റിലീസായെത്തിയ അമര്‍ സിങ് ചംകീലയുടെ ആകര്‍ഷണവും റഹ്‌മാന്റെ സംഗീതം തന്നെയായിരുന്നു. ആടുജീവതത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ റഹ്‌മാന്‍ തന്റെ സംഗീതം കൊണ്ട് ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു.
ധനുഷ് സംവിധാനം ചെയ്ത രായനിലെ അടങ്കാത അസുരന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയ അടക്കിഭരിച്ചു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിലെ ‘ഉസിരേ നീ താനേ‘ എന്ന ഭാഗം ശ്രോതാക്കളെ മറ്റൊരു ലോകത്തെത്തിച്ചു. സ്‌പോട്ടിഫൈയില്‍ 10.6 കോടി ആളുകളാണ് ഈ പാട്ട് കേട്ടത്. മറ്റൊരു തമിഴ് ഗാനത്തിനും ഈ നേട്ടത്തിലെത്താന്‍ സാധിച്ചിട്ടില്ല. രായനിലെ മറ്റ് പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഏറ്റവുമൊടുവില്‍ റഹ്‌മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തില്‍ എന്നൈ ഇഴുക്കാതെടി എന്ന ഗാനവും സെന്‍സേഷണലായി മാറി. കാലം മാറുന്നതിനനുസരിച്ച് സംഗീതത്തിലും മാറ്റങ്ങള്‍ കൊണ്ടുവരികയും ഴോണറുകളുടെ വ്യത്യാസമില്ലാതെ ഓരോ സിനിമയും പുതിയ അനുഭവമാക്കുന്ന റഹ്‌മാന്‍ തന്നെയാണ് സംഗീതത്തിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: AR Rahman got 3rd placed in Spotify wrapped 2024