ചെന്നൈയില്‍ ഇന്ന്(സെപ്റ്റംബര്‍ 10) നടക്കുന്ന എ.ആര്‍. റഹ്‌മാന്‍ ഷോ ടിക്കറ്റ് എടുത്തിട്ടും കാണാന്‍ സാധിക്കാതെ നിരവധി പേര്‍. പതിനായിരങ്ങള്‍ മുടക്കി പ്രീമിയം ടിക്കറ്റ് എടുത്തവര്‍ക്ക് പോലും ഷോ നടക്കുന്ന ഇടത്തേക്ക് പ്രവേശനം ലഭിച്ചില്ല.
എ.ആര്‍. റഹ്‌മാന്‍ ഷോ ഏറ്റെടുത്ത ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്കതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് ഇപ്പോഴും ഷോ നടക്കുന്ന വേദിയിലേക്ക് കടക്കാനാവാതെ റോഡിലും വേദിയുടെ പരിസരങ്ങളിലുമായി കാത്തുക്കെട്ടി കിടക്കുന്നത്.
സംഗീത ജീവിതത്തില്‍ എ.ആര്‍. റഹ്‌മാന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോകമെമ്പാടും സംഗീത നിശ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ ഒരു മാസം മുമ്പ് തീരുമാനിച്ച ഷോ അന്നത്തെ കാലാവസ്ഥ പ്രശ്‌നം കാരണം സെപ്റ്റംബര്‍ 10ലേക്ക് മാറ്റി വെക്കുകയായിരുന്നു.
ഇവന്റ് നടക്കുന്ന വേദിയിലേക്ക് കിലോ മീറ്ററുകളോളം നടന്ന് എത്തിയിട്ടും കൃത്യമായി ഇരിപ്പടമോ, പരിപാടി കാണണോ സാധിച്ചില്ലെന്നാണ് ടിക്കറ്റ് എടുത്തവര്‍ ആരോപിക്കുന്നത്.
മണിക്കൂറുകളോളം ട്രാഫിക്കില്‍ കിടന്നിട്ടാണ് വേദിയുടെ പരിസരത്ത് നിന്ന് പുറത്ത് കടക്കാനായതെന്നും ടിക്കറ്റ് എടുത്ത് പരിപാടി കാണാന്‍ വന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴും പരിപാടി നടക്കുന്ന ചെന്നൈയിലെ വേദിയിലായി നിരവധി പേര്‍ പ്രതിഷേധിക്കുന്നുണ്ട്. കൃത്യമായ സൗണ്ട് സിസ്റ്റം ഇല്ലെന്നും, വെളിച്ച സംവിധാനങ്ങളുടെ അപര്യപ്തത തുടങ്ങിയ പ്രശ്‌നങ്ങളും പരിപാടി കാണാന്‍ വന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘മറക്കുമാ നെഞ്ചം’ എന്ന പേരിലാണ് എ.ആര്‍ റഹ്‌മാന്‍ ഷോ ചെന്നൈയില്‍ നടക്കുന്നത്. ഇതേ പേരില്‍ തന്നെ ലോകത്ത് വിവിധ നഗരങ്ങളില്‍ ഷോ അരങ്ങേറുന്നുണ്ട്. അതേസമയം സംവിധായകന്‍ മണിരത്നം, നടി ശാലിനി തുടങ്ങിയ തമിഴിലെ പ്രമുഖര്‍ ഷോ കാണുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പ്രമുഖര്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെങ്കില്‍ പ്രൈവറ്റ് ആയി പരിപാടി നടത്തണം എന്നാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ പറയുന്നത്. സംഘടകര്‍ പരിപാടിയുടെ ടിക്കറ്റ് പരിധിവിട്ടും വിറ്റതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നിരവധി പേര്‍ ആരോപിക്കുന്നത്.