ഡല്‍ഹി 6 എന്ന സിനിമയിലെ തന്റെ ഏറെ പ്രശസ്തമായ മസക്കലി എന്ന പാട്ടിന്റെ റീമിക്‌സിനെതിരെ കടുത്ത വിമര്‍ശനവുമായി സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ടി-സീരിസ് മസക്കലിയുടെ റീമിക്‌സ് ‘മസക്കലി2.0’ പാട്ടുമായി ആല്‍ബം പുറത്തിറക്കിയത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാരിയയുമാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. തനിഷ്‌ക് ബാഗ്ചി റീമിക്‌സ് ചെയ്ത് തുളസി കുമാറും സാച്ചേത് ടണ്‍ഡണും ചേര്‍ന്നു പാടിയ പുതിയ പാട്ടിനെ പിന്താങ്ങിയും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് മസക്കലിക്ക് സംഗീതം നല്‍കിയ എ.ആര്‍ റഹ്മാന്‍ കനത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒറിജിനല്‍ ആസ്വദിക്കൂ എന്നാണ് ട്വിറ്ററില്‍ എ.ആര്‍ റഹ്മാന്‍ കുറിച്ചത്. ‘ഷോര്‍ട്ട് കട്ടുകളൊന്നുമില്ല, വീണ്ടും വീണ്ടും തിരുത്തിയെഴുതി, രാത്രികളില്‍ ഉറക്കമിളച്ചിരുന്ന്, കൃത്യമായ ഒരുക്കങ്ങളോടെ തയ്യാറാക്കിയ പാട്ടാണ്. 200ലേറെ സംഗീതജ്ഞര്‍ 365 ദിവസം സര്‍ഗാത്മകമായി തലമുറകളോളം നിലനില്‍ക്കുന്ന പാട്ട് മെനഞ്ഞെടുത്തതാണ്. സംവിധായകരും എഴുത്തുകാരും നര്‍ത്തകരും അങ്ങിനെ അശ്രാന്ത പരിശ്രമം ചെയ്ത ഒരു സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ഫലമായി വന്ന പാട്ട്.’ എന്നായിരുന്നു എ.ആര്‍ റഹ്മാന്‍ ഡല്‍ഹി 6ലെ മസക്കലിയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ എഴുതിയത്.
എ.ആര്‍ റഹ്മാന്‍ സംഗീതം ചെയ്ത മസക്കലി എന്ന ഗാനം 2009ല്‍ ഇറങ്ങിയ ഡല്‍ഹി 6 എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ പാട്ടുകളിലൊന്നായിരുന്നു. പ്രസൂണ്‍ ജോഷി എഴുതിയ വരികള്‍ പാടിയത് മോഹിത് ചൗഹാനായിരുന്നു.
വളരെ അപൂര്‍വമായി മാത്രം പ്രതികരണങ്ങളുമായി രംഗത്തുവരാറുള്ള എ.ആര്‍ റഹ്മാന്റെ ഭാഗത്തുനിന്നുമുണ്ടായ തന്റെ പാട്ടിന്റെ റീമിക്‌സിനെതിരെ ഉയര്‍ന്ന വിമര്‍ശനം സിനിമാലോകത്തെ ഒന്നു ഞെട്ടിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഇന്‍സ്റ്റഗ്രാമിലെ റഹ്മാന്റെ പോസ്റ്റും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ‘തന്റെ കോപം നിയന്ത്രിക്കാന്‍ കഴിയുന്നവനാരോ അവനാണ് ഏറ്റവും ശക്തനായ മനുഷ്യന്‍’ എന്ന ക്യാപ്ഷനോടെ തീയില്‍ എരിയുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ഡല്‍ഹി 6ന്റെ അണിയറപ്രവര്‍ത്തകരിലൊരില്‍ ഒട്ടുമിക്കവരും സമാന അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനായ രാകായേഷ് ഓംപ്രകാശ് പറഞ്ഞത് പുതിയ റീമിക്‌സ് കര്‍ണ്ണപടങ്ങളെ പൊട്ടിച്ചുകളയും എന്നാണ്. ‘ഡല്‍ഹി6ലെ മസക്കലി ഏറെ സ്‌നേഹത്തോടെയും അഭിനിവേശത്തോടെയും കാലങ്ങളോളം നിലനില്‍ക്കാന്‍ വേണ്ടി തന്നെ തയ്യാറാക്കിയ പാട്ടാണ്. പുതിയ റീമിക്‌സ് നിങ്ങളുടെ കര്‍ണ്ണപങ്ങളെ തകര്‍ക്കും.’
സെന്‍സര്‍ ബോര്‍ഡ് തലവന്‍ കൂടിയായ മസക്കലിയുടെ എഴുത്തുകാരന്‍ പ്രസൂണ്‍ ജോഷിയും പാട്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. ‘മസക്കലിയടക്കം ഡല്‍ഹി6ലെ എല്ലാ പാട്ടുകളും ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നവയാണ്. ഒറിജിനല്‍ പാട്ട് ഇത്തരത്തില്‍ യാതൊരു ചിന്തയുമില്ലാതെ ഉപയോഗിക്കുന്നത് ഏറെ വേദനിപ്പിക്കുന്നുണ്ട്. അതൊക്കെ ടി-സീരിസിന്റെ മനസാക്ഷിക്ക് വിടുന്നു. ഒറിജിനല്‍ പാട്ടിനൊപ്പം തന്നെ ആരാധകര്‍ നില്‍ക്കുമെന്ന് വിശ്വസിക്കുന്നു.’ എന്നായിരുന്നു പ്രസൂണ്‍ ജോഷിയുടെ വാക്കുകള്‍.
ബുധനാഴ്ച ഇറങ്ങിയ മസക്കലി2.0 14 മില്യണിലേറെ വ്യൂ നേടി യൂട്യൂബിലെ ടോപ് ട്രെന്‍ഡിംഗ് വീഡിയോകളില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.