യോദ്ധ സിനിമയിലെ ‘പടകാളി ചണ്ഡി ചങ്കരി’ എന്ന പാട്ട് വർക്കാവില്ലെന്ന് മ്യൂസിക് ഡയറക്ടർ അർജുനൻ മാസ്റ്റർ കരുതിയിരുന്നെന്ന് എ. ആർ റഹ്മാൻ. ആ പാട്ട് റെക്കോർഡ് ചെയ്തപ്പോൾ ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് മാസ്റ്റർ വന്നെന്നും ഈ സോങ് വർക്കാവില്ലെന്ന് കരുതിയെന്നും റഹ്‌മാൻ പറഞ്ഞു.
എന്നാൽ ഈ പാട്ട് കേട്ടപ്പോൾ മാസ്റ്റർ ഇതെന്താ എന്നും സാഹിത്യം വളരെ ഫാസ്റ്റ് ആയിട്ടുണ്ടെന്ന് പറഞ്ഞെന്നും
റഹ്മാൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സോങ്ങ് റെക്കോർഡ് ചെയ്തപ്പോൾ, അർജുൻ മാസ്റ്റർ ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം എന്റെ ഒരു മെന്ററാണ്. അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു. സാറ് വന്നിട്ട് വളരെ സങ്കടത്തിലായിരുന്നു. മോനെ ഇതെന്താ ഇത്? സാഹിത്യം വളരെ ഫാസ്റ്റ് ആയിട്ടുണ്ടല്ലോ. ഇതൊന്നു സ്ലോ ആക്കുമോ എന്ന് ചോദിച്ചു.
അത് കഴിയില്ല ഡയറക്ടറിന് ഇഷ്ടമായി എന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. ഇത് വളരെ ഫാസ്റ്റ് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ എക്സ്ട്രീം റിയാക്ഷൻ കാണാൻ പറ്റും. അദ്ദേഹത്തിന് വളരെ കൺസേൺ ഉണ്ടായിരുന്നു, ഞാൻ ചെയ്യുന്ന സിനിമയിലെ വർക്കുകൾ എല്ലാം നന്നായിരിക്കണമെന്ന്.
യോദ്ധക്ക് ശേഷം റഹ്‌മാന്‍ കമ്മിറ്റ് ചെയ്ത മലയാളം ചിത്രമാണ് ആടുജീവിതം. ആടുജീവിതത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞിലും റഹ്‌മാന്‍ തന്നെയായിരുന്നു സംഗീതം. എന്നാല്‍ ആടുജീവിതത്തിന് മുമ്പേ മലയന്‍കുഞ്ഞ് റിലീസായിരുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
Content Highlight: AR Rahman about yodha movie’s song