ഇന്ത്യന്‍ സിനിമകള്‍ക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് തെറ്റായ സിനിമകള്‍ പുരസ്‌കാരത്തിനായി അയക്കുന്നതുകൊണ്ടാണെന്ന് സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍. മുന്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയില്‍ നിന്നും തെറ്റായ ചിത്രങ്ങള്‍ പുരസ്‌കാരത്തിനായി അയക്കുന്നതുകൊണ്ട് ചിത്രങ്ങള്‍ നോമിനേഷനില്‍ കയറുകയോ അവാര്‍ഡ് നേടുകയോ ചെയ്യുന്നില്ലെന്ന് സംഗീതജ്ഞന്‍ സുബ്രഹ്മമണ്യനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പശ്ചാത്ത്യരായി നിന്നുവേണം അവിടുത്തെ കാര്യങ്ങള്‍ മനസിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ സിനിമകള്‍ ഓസ്‌കാറിന് പോകാറുണ്ട്. പക്ഷെ പുരസ്‌കാരങ്ങള്‍ കിട്ടാറില്ല. ഓസ്‌കാറിന് തെറ്റായ ചിത്രങ്ങള്‍ അയക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അവിടെ എന്താണ് സംഭിക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ നമ്മള്‍ അവരുടെ രീതിയില്‍ ചിന്തിക്കണം. അവര്‍ എന്താണ് ചെയ്യുന്നതെന്ന് കാണുകയും വേണം,’ എ.ആര്‍.റഹ്മാന്‍ പറഞ്ഞു.
2009ല്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്യനയര്‍ എന്ന സിനിമയിലൂടെ രണ്ട് പുരസ്‌കാരങ്ങളാണ് ഇന്ത്യയിലേക്ക് വന്നത്. അതിനുശേഷം ഇപ്പോഴാണ് ഇന്ത്യയിലേക്ക് ഓസ്‌കാര്‍ പുരസ്‌കാരം വരുന്നത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം കിട്ടിയത്. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
കൂടാതെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ദി എലിഫന്റ് വിസ്പറേഴ്‌സിനും ലഭിച്ചിരുന്നു. പുതുമലൈ ദേശീയ ഉദ്യാനത്തിലെ അനാഥരായ രഘു, അമ്മു എന്നീ ആനകളെ പരിപാലിക്കുന്ന ബൊമ്മി, ബെല്ലി എന്നീ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.
content highlight: ar rahman about oscar