ലീഗിന്റെ 'പുലിക്കുട്ടി' നടത്തുന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റത്: കെ.ടി ജലീല്‍
മലപ്പുറം: ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്‌ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന ഹിമാലയന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടു വരേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ.
ആ ബാധ്യതാ നിര്‍വ്വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്നും ജലീല്‍ പറഞ്ഞു.
എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതി.
സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അംഗങ്ങളും ഇരുപതിനായിരത്തില്‍ താഴെ അക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാല്‍ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും.
എന്നാല്‍ എ.ആര്‍ നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ അറുപതിനായിരത്തിലധികം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങളുടെ ‘ഗുട്ടന്‍സ്’ ആര്‍ക്കും പിടികിട്ടും.
എ.ആര്‍ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്കാണ്.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്‌ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരല്‍ ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വ്വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കിലെഴുതി.
257 കസ്റ്റമര്‍ ഐഡികളില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അഴിമതിപ്പണം വെളുപ്പിച്ചെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് വിദേശനാണയച്ചട്ടം ലംഘിച്ച് 3 കോടി നിക്ഷേപിച്ചെന്നും ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാര്‍ ആണ് എല്ലാ ഇടപാടുകള്‍ക്കും ഒത്താശ ചെയ്തതെന്നും ജലീല്‍ പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപവും വായ്പ ഇടപാടുമുണ്ടെന്ന് ആരോപിച്ച ജലീല്‍ സഹകരണവകുപ്പ് അന്വേഷണറിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു.
അതേസമയം എ.ആര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു . കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തത്. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.