ചെന്നൈ: “ക്യാപ്റ്റന്‍ ജഗദീഷിന്റെ ലീവ് ശരിയായി” സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വൈറലായ വാര്‍ത്തയാണിത്. സംഗതി വേറെ ഒന്നുമല്ല ഇളയദളപതി വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ തുപ്പാക്കിയുടെ രണ്ടാം ഭാഗം വരുന്നു.
സംവിധായകന്‍ എ.ആര്‍ മുരുകദോസ് തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിലെ വിജയുടെ കഥാപാത്രത്തിന്റെ പേരാണ് ജഗദീഷ്. ആര്‍മിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ജഗദീഷ് എന്ന കഥാപാത്രം അത് വരെയുണ്ടായിരുന്ന ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്.
ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുരുകദോസ് തുപ്പാക്കി 2 വരുന്നതായി പ്രഖ്യാപിച്ചത്. 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ്, കാജള്‍ അഗര്‍വാള്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.
സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ ഹാരിസ് ജയരാജായിരുന്നു സംഗീത സംവിധാനം. ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കിക്കൊണ്ട് മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
2012 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച ഈ ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചത്. 2012 നവംബര്‍ 13-ന് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.