ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദ്ദിച്ചു; ജാതീയമായി അധിക്ഷേപിച്ചു; കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യ ജാതി ആക്രമണം മൂലമെന്ന് കുടുംബം
Kerala News
ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദ്ദിച്ചു; ജാതീയമായി അധിക്ഷേപിച്ചു; കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യ ജാതി ആക്രമണം മൂലമെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2019, 6:35 pm

പാലക്കാട്: പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ മരണത്തിന് കാരണം ജാതീയ ആക്രമണമാണെന്ന് ഭാര്യയും ബന്ധുക്കളും.

ആദിവാസിയായ കുമാറിനെ മേലുദ്യോഗസ്ഥര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും ക്യാമ്പില്‍ ജാതി വിവേചനം ഉണ്ടായിരുന്നെന്നും കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു.

ആദിവാസിയായതിനാല്‍ ബുദ്ധിയില്ല എന്നടക്കം പറഞ്ഞ് പരിഹസിച്ചിരുന്നു. ബുദ്ധിയില്ല, വിവരമില്ല എന്നൊക്കെ പറഞ്ഞായിരുന്നു ആക്ഷേപം. മാനസികമായി ഉപദ്രവിക്കുകയും ഡ്യൂട്ടി അധികമായി നല്‍കുകയും ചെയ്യുന്നതായി കുമാര്‍ പറഞ്ഞിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി അടിക്കുകയും ഇടിക്കുകയും ചെയ്തിരുന്നതായും സജിനി പറയുന്നു.

എസ്.ഐയും രണ്ട് എ.എസ്.ഐമാരും ചേര്‍ന്നാണ് കുമാറിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതെന്നാണ് സജിനി പറയുന്നത്. മേലുദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഭാര്യ സജിനി അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐജി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25ാം തിയ്യതി രാത്രിയിലാണ് ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്തുളള ട്രാക്കില്‍ മരിച്ച നിലയില്‍ സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊര്‍ണ്ണൂര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.