| Thursday, 25th August 2022, 1:01 pm

ഐ.പി.എല്ലില്‍ മല പോലെ വന്നതല്ലെ, ലോകകപ്പിന് മുമ്പ് കുറച്ചുകൂടി അവസരം നല്‍കിയിരുന്നെങ്കില്‍ സെറ്റ് ആകുമായിരുന്നു; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന് ഇതുവരെ ധാരണയായിട്ടില്ല. പരിചയസമ്പത്തുള്ള താരങ്ങളോടൊപ്പം യുവരക്തങ്ങളെയും ഉള്‍പ്പെടുത്തുന്ന ടീമിനെയായിരിക്കും ഇന്ത്യ ഇറക്കുക എന്ന് വ്യക്തമാണ്.

ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകുമെന്ന് കരുതിയ താരമാണ് പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന മത്സരത്തില്‍ മാത്രം കളിച്ച് അദ്ദേഹം ടീമിന് പുറത്തുപോകുകയായിരുന്നു. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന താരമാകുമെന്ന് അദ്ദേഹത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നു. എന്നാല്‍ എങ്ങുമെത്താതെ പുറത്താകാനായിരുന്നു ഉമ്രാന്റെ വിധി.

ലോകകപ്പിന് മുന്നോടിയായി ഉമ്രാന് കുറച്ചുകൂടി അവസരം നല്‍കാമെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ ആഖിബ് ജാവേദ്. ഉമ്രാന് കുറച്ചുകൂടി അവസരം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യ കുറച്ചുകൂടി മികച്ച ടീമായേനെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ബൗളര്‍മാര്‍ നിങ്ങള്‍ക്ക് ടൂര്‍ണമെന്റുകള്‍ വിജയിപ്പിച്ച് തരുമെന്നും 150ന് മുകളില്‍ പേസ് എറിയുന്ന ബൗളര്‍മാരെ നേരിടാന്‍ ഒരു ബാറ്ററും ആഗ്രഹിക്കില്ലെന്നും ആഖിബ് കൂട്ടിച്ചേര്‍ത്തു.

‘പേസ് ബൗളിങ്ങിന് അതിന്റെതായ സ്ഥാനമുണ്ട്. ടി-20 ആയാലും ഏകദിനമായാലും ടെസ്റ്റ് മത്സരങ്ങളായാലും പേസ് ബൗളിങ്ങ് പ്രധാനമാണ്. കളിയുടെ ഈ ഫോര്‍മാറ്റില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാരെ നിങ്ങള്‍ക്ക് ആവശ്യമുണ്ട്. ബൗളര്‍മാര്‍ നിങ്ങള്‍ക്ക് ടൂര്‍ണമെന്റുകള്‍ വിജയിപ്പിച്ച് തരും.

ഉമ്രാനെ പുറത്താക്കിയതിലൂടെ ഇന്ത്യക്ക് ഒരു തന്ത്രം നഷ്ടമായെന്ന് ഞാന്‍ കരുതുന്നു. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഒരു പേസറെ നേരിടാന്‍ ഒരു ബാറ്ററും ഇഷ്ടപ്പെടാത്തതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. ഓസ്ട്രേലിയയില്‍, നിങ്ങള്‍ക്ക് ആ അധിക പേസും സീമുമുള്ള ബൗളറെ ആവശ്യമായിരിക്കും അതാണ് ഉമ്രാന്‍ മാലിക്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനായി നടത്തിയ മികച്ച പ്രകടനമാണ് ഉമ്രാനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. 22 വിക്കറ്റുകളാണ് ഉമ്രാന്‍ എസ്.ആര്‍.എച്ചിനായി വീഴ്ത്തിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ വിക്കറ്റ് എടുക്കാനും എക്കോണമിക്കാകാനും അദ്ദേഹത്തിന് സാധിച്ചില്ല.

Content Highlight: Aquib Javed says Umran Malik should have got more chances

We use cookies to give you the best possible experience. Learn more