ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കാഴ്ചവെച്ചത്. ഗ്രൂപ്പ് സ്റ്റേജിലും സൂപ്പര്‍ ഫോറിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഫൈനലില്‍ ശ്രീലങ്കയോട് അടിയറവ് പറയുകയായിരുന്നു.
എന്നാല്‍ ടീമിന്റെ ബാറ്റിങ് പ്രശ്‌നങ്ങള്‍ ടൂര്‍ണമെന്റില്‍ ഉടനീളം പ്രകടമായിരുന്നു. മുഹമ്മദ് റിസ്‌വാന്‍ മാത്രമായിരുന്നു ടീമിനായി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അദ്ദേഹമായിരുന്നു. 281 റണ്‍സാണ് അദ്ദേഹം ഏഷ്യാ കപ്പില്‍ നേടിയത്.
എന്നാല്‍ അദ്ദേഹത്തിന്റെ മെല്ലപ്പോക്കിന് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. 117.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹം ബാറ്റ് വീശിയത്. അതിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി ബാബര്‍ അസം ആകെ 68 റണ്‍സാണ് ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നുമായി നേടിയത്.
ട്വന്റി-20 ക്രിക്കറ്റില്‍ ഈ ശൈലിയില്‍ ബാറ്റ് വീശുന്നതിന് പാക് ഓപ്പണര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ പാക് താരമായ ആക്വിബ് ജാവേദ്.
ബാബറും ജാവേദും റണ്‍സ് നേടുന്നത്‌കൊണ്ട് ആരും പുറത്താക്കില്ലെന്നും എന്നാല്‍ അവരടിക്കുന്ന റണ്‍സിന് വലിയ വിലയൊന്നുമില്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘ബാബറും റിസ്‌വാനും റണ്‍സ് നേടുമെന്നതിനാല്‍ അവരെ ഒരിക്കലും പുറത്താക്കില്ല. പക്ഷേ, മോശം സ്ട്രൈക്ക് റേറ്റില്‍ വരുന്നതിനാല്‍ അവരുടെ റണ്‍സ് ഉപയോഗശൂന്യമാണ്. 150 റണ്‍സ് വിജയലക്ഷ്യമുള്ള കളികളില്‍ പാകിസ്ഥാന്‍ ജയിക്കും. എന്നാല്‍ 180 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയാല്‍ തോല്‍വിയായിരിക്കും ഫലം. മുഹമ്മദ് നവാസ് കളിക്കുന്നത് പോലെയുള്ള ഇന്നിങ്‌സുകള്‍ കളിക്കുക എന്നുള്ളത് പ്രധാനമാണ്, ”ജാവേദ് പറഞ്ഞു.
ഇരുവരും ടെക്‌നിക്കലി ഗിഫ്റ്റഡായിട്ടുള്ള ബാറ്റര്‍മാരാണെന്നും ഒരാള്‍ ക്യാപ്റ്റനും മറ്റൊരാള്‍ വൈസ് ക്യാപ്റ്റനുമായതിനാല്‍ പാകിസ്ഥാന്‍ കുടുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
”ഒരാള്‍ ക്യാപ്റ്റനും മറ്റൊരാള്‍ വൈസ് ക്യാപ്റ്റനും ആയതിനാല്‍ ഞങ്ങള്‍ കുടുങ്ങി. അവര്‍ കളിക്കുന്നത് സമാനമായ ക്രിക്കറ്റ് ബ്രാന്‍ഡാണ്. അവര്‍ സാങ്കേതികമായി ഒരുപാട് കഴിവുള്ള ബാറ്റര്‍മാരാണ് അതുകൊണ്ട് തന്നെ അവരെ എളുപ്പത്തില്‍ പുറത്താക്കാന്‍ സാധിക്കില്ല,”ജാവേദ് കൂട്ടിച്ചേര്‍ത്തു.