| Saturday, 13th August 2022, 4:01 pm

ബാബര്‍ ഒരിക്കലും വിരാടിനെ പോലെ മോശമാകില്ല; മുന്‍ പാകിസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്‍ നായകനായ ബാബര്‍ അസം. മികച്ച പ്രകടനങ്ങളുമായി മൂന്ന് ഫോര്‍മാറ്റിലും ആദ്യ പത്ത് സ്ഥാനത്ത് തന്നെ അദ്ദേഹത്തിന് ഇടമുണ്ട്. വരുന്ന ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും മികവുറ്റ പ്രകടനം തുടര്‍ന്ന് ടീമിനെ കിരീടത്തിലേക്ക് നയിക്കാനുള്ള പുറപ്പാടിലാണ് അദ്ദേഹം.

ഏഷ്യാ കപ്പില്‍ ഈ മാസം 28നാണ് പാകിസ്ഥാന്‍ ഇന്ത്യയെ നേരിടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു പ്രത്യേകത ഈ മത്സരത്തിനുണ്ട്. വിരാട്-ബാബര്‍ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

മത്സരത്തിന് മുന്നോടിയായി ബാബര്‍-വിരാട് താരതമ്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ബൗളറായ ആഖിബ് ജാവേദ്. 1992 ലോകകപ്പ് ജേതാക്കളായ പാകിസ്ഥാന്‍ ടീമിലെ അംഗമായിരുന്നു ജാവേദ്.

ഇപ്പോള്‍ വിരാട് കടന്ന് പോകുന്ന മോശം അവസ്ഥയിലുടെ ബാബര്‍ ഒരിക്കലും പോകേണ്ടി വരില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ടെക്‌നിക്ക് മാറ്റിയതിന് ശേഷം വിരാട് വീക്ക്‌നെസിനെ കുറിച്ച് ബോധവാനായെന്നും അത് മാറ്റാതെ തിരിച്ച് ഫോമിലേക്ക് എത്തില്ലെന്നും പറയുകയാണ് ജാവേദ്.

‘തന്റെ ടെക്‌നിക്ക് മാറ്റിയതിന് ശേഷം കോഹ്‌ലി തന്റെ ബലഹീനതയെക്കുറിച്ച് ബോധവാനായി. ഈ മോശം ഫോമില്‍ നിന്നും കരകയറാന്‍ അയാള്‍ സ്വതന്ത്രമായി ബാറ്റ് ചെയ്യണം,’ ജാവേദ് പറഞ്ഞു.

മികച്ച സാങ്കേതിക തികവുള്ള താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ബാബര്‍, ജോ റൂട്ട് പോലുള്ളവര്‍ക്ക് ഒരുപാട് കാലം ഫോമൗട്ടായി നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കൂട്ടത്തില്‍ കോഹ്‌ലിക്കാണ് ഏറ്റവും മോശം സാങ്കേതികതയെന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു.

‘രണ്ട് തരം കളിക്കാര്‍ ഉണ്ട്. മോശം ഘട്ടത്തില്‍ നിന്നും കരകയറാന്‍ സാധിക്കാതെ അതില്‍ തുടരുകയും ചെയ്യുന്ന കളിക്കാര്‍. മറ്റുള്ളവര്‍ അസമിനെയും വില്യംസണെയും പോലെ സാങ്കേതികമായി മികച്ച കളിക്കാരാണ്, അവരുടെ പരുക്കന്‍ ഫോം ഒരുപാട് കാലം തുടരില്ല,’ ജാവേദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സെഞ്ച്വറി പോലും നേടാന്‍ സാധിക്കാത്ത താരമാണ് വിരാട്. കരിയറില്‍ 70 സെഞ്ച്വറികളുള്ള അദ്ദേഹത്തിന്റെ ഏറ്റവും മോശം കാലമാണിത്.

Content Highlights: Aqib Javed says Babar will not have rough phase like Virat Kohli

We use cookies to give you the best possible experience. Learn more