റെഡ് കാര്‍പറ്റിലൂടെ നടക്കാതെ വിജയ് സാര്‍ ഏറ്റവും പുറകില്‍ നില്ക്കുന്ന ക്രൂ അംഗങ്ങളുടെ അടുത്തേക്കാണ് പോയത്: താരത്തെ ആദ്യമായി കണ്ടതിനെ പറ്റി അപര്‍ണ ദാസ്
ഞാന്‍ പ്രകാശന് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അപര്‍ണ ദാസ്. തന്റെ മൂന്നാമത്തെ ചിത്രത്തില്‍ വിജയ്യോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അപര്‍ണ. ഏറ്റവും പുതിയ വിജയ് ചിത്രം ബീസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അപര്‍ണയും അവതരിപ്പിക്കുന്നുണ്ട്.
വിജയ് വളരെ സിമ്പിള്‍ ആയ വിനീതനായ ഒരു വ്യക്തിയാണെന്ന് കേട്ടിട്ടുണ്ടെന്നും അത് നൂറ് ശതമാനം സത്യമാണെന്ന് അദ്യ ദിവസം തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും അപര്‍ണ പറയുന്നു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ബീസ്റ്റിന്റെ വിശേഷങ്ങള്‍ അപര്‍ണ പങ്കുവെച്ചത്.
‘വലിയൊരു ചിത്രമാണ് ബീസ്റ്റ്. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത്. ഞാനൊരു കട്ട ഇളയദളപതി ഫാന്‍ ആണ്. ചിത്രത്തിന്റെ പൂജയ്ക്കാണ് വിജയ് സാറിനെ ആദ്യമായി നേരില്‍ കാണുന്നത്. അദ്ദേഹം വളരെ സിമ്പിള്‍ ആയ വിനീതനായ ഒരു വ്യക്തിയാണെന്ന് നമ്മള് കേട്ടിട്ടുണ്ട്. അത് നൂറ് ശതമാനം സത്യമാണെന്ന് അദ്യ ദിവസം തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.
പൂജ നടക്കുന്ന റൂമില്‍ റെഡ് കാര്‍പറ്റ് വിരിച്ചിട്ടുണ്ടായിരുന്നു അദ്ദേഹത്തിന് നടന്നു വരാന്‍. താരങ്ങള്ക്കിരിക്കാന് വേദിയില്‍ കസേരകള്‍ ഇട്ടിട്ടുണ്ട്. അതിനും ഏറ്റവും പുറകിലാണ് സിനിമയുടെ ക്രൂ അംഗങ്ങള്‍ നില്‍ക്കുന്നത്. സാര്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാല്‍ അദ്ദേഹം ആ റെഡ് കാര്‍പറ്റിലൂടെ നടക്കാതെ നേരെ ഏറ്റവും പുറകില്‍ നില്ക്കുന്ന ക്രൂ അംഗങ്ങളുടെ അടുത്തേക്ക് ചെന്ന് എല്ലാവര്ക്കും കൈകൊടുത്ത് ആശംസകള്‍ നേര്‍ന്ന ശേഷമാണ് മുന്നിലോട്ട് വന്നത്. അത്രയ്ക്ക് സിമ്പിള്‍ ആയ മനുഷ്യനാണ് അദ്ദേഹം,’ അപര്‍ണ പറഞ്ഞു.
‘വിജയ് സാറിന്റെ ഒപ്പം ഷോട്ടിന് നില്ക്കുമ്പോള് ഒരു ഫാന്‍ ഗേള്‍ മൊമന്റ് കൂടിയായിരുന്നു അത്. ടെന്‍ഷനേക്കാളുപരി ഞാന്‍ ഭയങ്കര ത്രില്‍ഡ് ആയിരുന്നു. ഒരുപാട് സന്തോഷിച്ച് കഴിഞ്ഞാല്‍ നമ്മള് പിന്നെ അഡ്ജസ്റ്റ് ആകുമല്ലോ അതുകൊണ്ട് തന്നെ ആസ്വദിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ചിത്രത്തിലെ എന്റെ കഥാപാത്രത്തെക്കുറിച്ചോ കഥയെക്കുറിച്ചോ പുറത്ത് പറയാന്‍ എനിക്കിപ്പോള്‍ അനുമതിയില്ല. സിനിമ പുറത്തിറങ്ങാതെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പോലും പുറത്ത് വിടാനാകില്ല. തമിഴിലെ എന്റെ ആദ്യ ചിത്രം കൂടിയാണ് ബീസ്റ്റ്. കുറേയേറെ ബന്ധങ്ങള്‍ ഉണ്ടാക്കാനും സൗഹൃദങ്ങള്‍ നേടാനും കുറേയേറെ കാര്യങ്ങള്‍ പഠിക്കാനും പറ്റി. ഇനി എത്ര വലിയ ചിത്രങ്ങളുടെ ഭാഗമായാലും ബീസ്റ്റ് എനിക്കേറെ സ്പെഷ്യലായിരിക്കും,’ അപര്‍ണ കൂട്ടിച്ചേര്‍ത്തു.
ബീസ്റ്റിന് പുറമേ തമിഴില്‍ കവിന്റെ നായികയായി ഒരു ചിത്രം കൂടി അപര്‍ണ ചെയ്യുന്നുണ്ട്. ബാബു ഗണേഷ് ആണ് സംവിധാനം. മലയാളത്തില്‍ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലും നായികയായി അപര്‍ണ എത്തുന്നുണ്ട്. ഷറഫുദ്ദീനാണ് നായകന്.
Content Highlight: aprna das about her first time meet with vijay