ന്യൂദല്‍ഹി: ഒമ്പത് ദളിത് ആക്ടിവിസ്റ്റുകളുടെ കൊലപാതകത്തിന് ഇടയാക്കിയ ഭാരതബന്ദിന്റെ ഭാഗമായുള്ള വെടിവെപ്പ് നടത്തിയത് കേന്ദ്രമന്ത്രിയുടെ വീട്ടില്‍നിന്നെന്ന് സാക്ഷിമൊഴി. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വീട്ടില്‍ നിന്നാണ് ദളിതര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് മൊഴി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സി.പി.ഐ.എം വസ്തുതാന്വേഷണ സംഘത്തോടാണ് പ്രദേശവാസികള്‍ ഇക്കാര്യം വെടിയുതിര്‍ത്തത്.
ഭീംനഗര്‍, ഗല്ല കോത്തര്‍ കോളിനിയിലെ ദലിതര്‍ പ്രതിഷേധം സംഘടിപ്പിച്ച് സമാധാനപൂര്‍വം മടങ്ങുമ്പോള്‍ കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വീട്ടില്‍നിന്ന് രാജസിങ് ചൗഹാന്‍ എന്നയാള്‍ വെടിവെച്ചെന്നാണ് മൊഴി. പ്രതിഷേധക്കാര്‍ കടന്നുപോകവെ, മന്ത്രിയുടെ വീട്ടില്‍നിന്ന് പുറത്തേക്കു വന്ന ഇയാള്‍ “ജയ് ശ്രീറാം” വിളിച്ച ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് ഇരകള്‍ പറഞ്ഞത്.
നരേന്ദ്ര സിങ് തോമറിന്റെ വീട്ടില്‍ നിന്നാണ് അക്രമാസക്തരായി ഒരുകൂട്ടം പുറത്തിറങ്ങിയതെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ ദളിത് ആക്ടിവിസ്റ്റുകളടക്കം കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണെന്നും വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സി.പി.ഐ.എം സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. രാജ്യസഭ എം.പി കെ. സോമപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിജു കൃഷ്ണന്‍, വിക്രംസിങ്, ജസ്‌വന്തിര്‍ സിങ്, അഖിലേഷ് യാദവ് തുടങ്ങിയവരാണുള്ളത്. സംഘര്‍ഷം നടന്ന മധ്യപ്രദേശിലെ ഗ്വാളിയോര്‍, ബിന്ദ്, മൊറേന തുടങ്ങിയ ജില്ലകളാണ് സംഘം സന്ദര്‍ശിച്ചത്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തേയും പരുക്കേറ്റവരേയും സംഘം സന്ദര്‍ശിച്ചിരുന്നു. അരക്ഷിതാവസ്ഥയിലാണ് ഇവിടുത്തെ ദളിതര്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍.എസ്.എസ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രദേശവാസികളെ ഭീഷണിപ്പെടുന്നുണ്ടെന്നും ഇതിന് പൊലീസും കൂട്ടുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“കള്ളക്കേസുകളും നിരപരാധികളെ അറസ്റ്റു ചെയ്യുന്നതും തുടരുകയാണ്. ദളിതരെ സംരക്ഷിക്കുന്നതില്‍ പൊലീസ് തീര്‍ത്തും പരാജയപ്പെട്ടു.” റിപ്പോര്‍ട്ടില്‍ പറയുന്നു.
പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ യാതൊരുവിധ സഹായവും നല്‍കിയിട്ടില്ലെന്നും ഇരകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ അധികൃതരൊന്നും പരുക്കേറ്റ ചികിത്സയില്‍ കഴിയുന്നവരെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ ആറ്, ഏഴ് ദിവസങ്ങളിലാണ് സംഘം മധ്യപ്രദേശ് സന്ദര്‍ശിച്ചത്.