| Saturday, 28th November 2015, 12:48 pm

ആമിര്‍ ഖാന്റെ പ്രസ്താവന സ്‌നാപ്ഡീലിന് ക്ഷീണമുണ്ടാക്കിയിട്ടില്ല: സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ പരാജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആമിര്‍ ഖാന്റെ പ്രസ്താവനയെ തുടര്‍ന്ന് ഓണ്‍ലൈനില്‍ സ്‌നാപ്ഡീലിനെതിരെ നടത്തിയ കാമ്പെയ്‌നുകള്‍ പരാജയം.  “നോഡീല്‍ വിത്ത് സ്‌നാപ് ഡീല്‍” “ആപ്പ് വാപസി” എന്നീ ഹാഷ് ടാഗുകളില്‍ സോഷ്യല്‍ മീഡിയകളില്‍ നടത്തിയ കാമ്പെയ്‌നുകള്‍ പരാജയപ്പെട്ടെന്നാണ് സ്‌നാപ്ഡീലിന്റെ റാങ്കിംഗിലുണ്ടായ വര്‍ധനവില്‍ നിന്നു വ്യക്തമാകുന്നത്.

ആമിര്‍ ഖാന്റെ പ്രസ്താവന വന്നശേഷം സ്‌നാപ്ഡീലിന്റെ ഗൂഗിള്‍ പ്ലെ സ്റ്റോര്‍ റാങ്കിംഗ് അഞ്ചുപോയിന്റ് വര്‍ധിക്കുകയാണ് ചെയ്തതെന്നാണ് ഗ്രാഫ് വ്യക്തമാക്കുന്നത്.

നവംബര്‍ 23നാണ് ആമിര്‍ ഖാന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അന്ന് സ്‌നാപ്ഡീലിന്റെ ഇന്ത്യന്‍ റാങ്ക് 28 ആയിരുന്നു. നവംബര്‍ 24നും ഇതേ നിലയിലായിരുന്നു. എന്നാല്‍ 25ന് “ആപ്പ് വാപസി” തുടങ്ങിയശേഷം സ്‌നാപ്പ്ഡീല്‍ 1 സ്ഥാനം മെച്ചപ്പെടുത്തി. 26ാം തിയ്യതി അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി.

ബ്രാന്റ് അംബാസിഡറായ ആമിറിന്റെ പ്രസ്താവനയും ഇതേത്തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെയുണ്ടായ കാമ്പെയ്‌നുമൊന്നും സ്‌നാപ്ഡീലിനെ ബാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആമിറിന്റെ പ്രസ്താവനയുടെ പേരില്‍ ഉപഭോക്താക്കള്‍ കൈവിടുമെന്ന ഭയം സ്‌നാപ്ഡീലിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാമ്പെയ്ന്‍ തുടങ്ങിയപ്പോള്‍ ആമിറിന്റെ പരാമര്‍ശവുമായി യാതൊരു ബന്ധവും കമ്പനിക്കില്ലെന്ന വിശദീകരണവുമായി സ്‌നാപ്ഡീല്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more