സിനിമാ ചര്‍ച്ചകളില്‍ ഇപ്പോള്‍ പുഴുവാണ് മുഖ്യ സംസാര വിഷയം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സിനിമാ ആസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെയും പാര്‍വതിയുടെയും പ്രകടനത്തിന് ഒപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ബി.ആര്‍ കുട്ടപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പുണ്ണി ശശി.
നാടകനടനായ ബി.ആര്‍ കുട്ടപ്പനായി മികച്ച പ്രകടനമാണ് അപ്പുണ്ണി ശശി പുറത്തെടുത്തത്. നാടകത്തിലൂടെ തന്നെയാണ് അപ്പുണ്ണി ശശി സിനിമയിലേക്ക് എത്തിയത്. ഇതുവരെ 86 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ല അപ്പുണ്ണി ശശിയുടെ മുഖം. എന്നാല്‍ അതിന് മുമ്പേ തന്നെ നാടകപ്രേമികള്‍ക്കിടയിലെ പരിചിത മുഖമാണ് അപ്പുണ്ണി ശശി.
ജയപ്രകാശ് കുളൂര്‍, എ. ശാന്തകുമാര്‍ അടക്കമുള്ള പ്രതിഭകളുടെ നാടകങ്ങളിലൂടെയാണ് അദ്ദേഹം
നാടകലോകത്തേക്ക് വന്നത്. കുളൂര്‍ മാഷിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായി നാലായിരത്തിലധികം വേദികളില്‍ അപ്പുണ്ണി ശശി നാടകം അവതരിപ്പിച്ചിട്ടുണ്ട്.
കുളൂര്‍ മാഷിന്റെ തന്നെ ശിക്ഷണത്തില്‍ തിരഞ്ഞെടുപ്പ് എന്ന ഒരു ഒറ്റയാള്‍ നാടകത്തില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി കാണികളെ അമ്പരിപ്പിച്ചിട്ടുണ്ട് ഈ നടന്‍. ശിവദാസ് പൊയില്‍കാവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചക്കരപ്പന്തല്‍ എന്ന ഒറ്റയാള്‍ നാടകത്തില്‍ ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണികളെ അമ്പരിപ്പിച്ച അപ്പുണ്ണി ശശിയുടെ പ്രകടനം പുഴുവിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ് കണ്ടിരുന്നു. ഇതാണ് ഇദ്ദേഹത്തെ പുഴുവിലെ ബി.ആര്‍. കുട്ടപ്പന്‍ എന്ന വേഷത്തിലേക്കെത്തിച്ചത്.
സംവിധായകന്‍ രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായുള്ള അപ്പുണ്ണിയുടെ പ്രകടനമാണ് സിനിമാ മേഖലയില്‍ ഇദ്ദേഹത്തെ ആദ്യമായി ശ്രദ്ധേയനാക്കിയത്.
രഞ്ജിത്തിന്റെ തന്നെ ഞാന്‍ എന്ന സിനിമയിലും മികച്ച അഭിനയമാണ് അപ്പുണ്ണി ശശി കാഴ്ച വെച്ചത്. ഈ കഥാപാത്രത്തിന് കേരളാ സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡും, ശാന്താദേവി പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ റുപ്പി, പാവാട, കപ്പേള, ആന അലറലോടലറല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Appunni Sasi, who played the role of BR Kuttappan in puzhu, is being discussed on social media along with Mammootty and Parvathy