| Wednesday, 9th October 2024, 10:59 am

മമ്മൂക്ക ആ സീന്‍ ഒരൊറ്റ അടിയില്‍ തീര്‍ത്തു; അതിന് സെക്കന്റുകള്‍ക്ക് മുമ്പൊരു കാര്യം പറഞ്ഞു: അപ്പുണ്ണി ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച് നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമായിരുന്നു പുഴു. 2022ല്‍ പുറത്തിറങ്ങിയ ഈ സിനിമ മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ പുഴുവില്‍ ജാതിവെറിയും ടോക്സിക് പേരന്റിങ്ങുമായിരുന്നു പറഞ്ഞത്.

പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച ഈ സിനിമയിലൂടെ നടന്‍ അപ്പുണ്ണി ശശിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുഴുവിലെ മമ്മൂട്ടിയോടൊപ്പമുള്ള സീനിനെ കുറിച്ച് പറയുകയാണ് അപ്പുണ്ണി ശശി. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Appunni Sasi

‘സിനിമയിലെ ഷോട്ടില്‍ ഞാന്‍ എന്റെ ഡയലോഗ് പറഞ്ഞു. അതായത് ‘എനിക്ക് ഒരു പെണ്‍കുട്ടിയെയാണ് വേണ്ടത്. ഞാന്‍ അവള്‍ക്ക് പേര് വരെ കണ്ടെത്തിയിട്ടുണ്ട്’ എന്നതായിരുന്നു ആ ഡയലോഗ്. അതും പറഞ്ഞ് ഇരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അടിയാണ്.

ആ അടിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. എന്റെ തൊട്ടുമുന്നില്‍ ഒരു ഡൈനിങ് ടേബിളുണ്ട്. അതില്‍ തട്ടിയാല്‍ വയറിന് മേലെ കോറി പോകാന്‍ സാധ്യയുണ്ട്. തൊട്ടടുത്ത് രണ്ട് കസേരയും ഉണ്ടായിരുന്നു. അടി കിട്ടിയാല്‍ ഇതിന്റെ ഇടയില്‍ പോയി വീഴുകയാണ് വേണ്ടത്.

നിലത്ത് ഒരു മാര്‍ക്ക് ഉണ്ടായിരുന്നു. അടി കൊണ്ടിട്ട് അവിടെ എത്തുകയും വേണമായിരുന്നു. അല്ലെങ്കില്‍ വീണ്ടും വീഴേണ്ടി വരുമെന്ന് ഉറപ്പാണ് (ചിരി). അത് കൃത്യമായി ഒരൊറ്റ അടിയില്‍ തന്നെ തീര്‍ന്നു. അവിടെയാണ് സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസം.

മമ്മൂക്ക അന്ന് എന്നോട് ഒരു കാര്യം പറഞ്ഞു. അടിക്കുന്ന സമയം ആക്ഷന്‍ പറയുന്ന സമയവും ഒന്നായിരുന്നു. ആക്ഷനില്‍ അടിയാണ്. പക്ഷെ അതിന്റെ ഒരു മില്ലി സെക്കന്റ് മുമ്പ് മമ്മൂക്ക ‘ഒറ്റയടിയില്‍ ചാകൂല കേട്ടോ’ എന്ന് പറഞ്ഞു. അവിടെ ഞാന്‍ എന്ത് ചെയ്യുമെന്ന് പെട്ടെന്ന് ഓര്‍ത്തു.

മില്ലി സെക്കന്റ് മാത്രമേ സമയം ഉണ്ടായിരുന്നുള്ളു. ‘ട്ടോ’ എന്ന് പറഞ്ഞതും ആക്ഷന്‍ പറഞ്ഞു. മനസിലുള്ള പ്രിപ്പറേഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മമ്മൂക്ക അപ്പോള്‍ തന്ന സൂചന ആയിരുന്നു അത്. ഈ കാര്യം നാടകത്തില്‍ നടക്കില്ല. സിനിമയില്‍ മാത്രമേ നടക്കുകയുള്ളൂ,’ അപ്പുണ്ണി ശശി പറയുന്നു.


Content Highlight: Appunni Sasi Talks About Mammootty and Puzhu Movie

We use cookies to give you the best possible experience. Learn more