| Wednesday, 9th October 2024, 8:05 am

എല്ലാവരും ആരാധിക്കുന്ന ആ സംവിധായകന്‍ എന്നെ വിളിച്ച് നിങ്ങളിനി കുറച്ചുനാള്‍ വീട്ടിലിരിക്കണമെന്ന് പറഞ്ഞു: അപ്പുണ്ണി ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് അപ്പുണ്ണി ശശി. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് ഇന്ത്യന്‍ റുപ്പീ, ഷട്ടര്‍, ക്വീന്‍, പുത്തന്‍ പണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിലെ അപ്പുണ്ണി ശശിയുടെ കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമയില്‍ നമുക്ക് ചിലപ്പോള്‍ നായക പരിവേശം തന്നേക്കാമെന്നും പക്ഷെ സിനിമയില്‍ അങ്ങനെയല്ലെന്നും പറയുകയാണ് നടന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്പുണ്ണി ശശി.

‘ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമയില്‍ നമുക്ക് ചിലപ്പോള്‍ നായക പരിവേശം തന്നേക്കാം. പക്ഷെ സിനിമയില്‍ ഇപ്പോഴും തരില്ല. ഞാന്‍ പുഴു സിനിമ ചെയ്തപ്പോള്‍ 32 ഇന്റര്‍വ്യുകള്‍ ചെയ്തു. അത്രയും ഇന്റര്‍വ്യു ചെയ്ത ഒരു ആര്‍ട്ടിസ്റ്റും ചിലപ്പോള്‍ ഉണ്ടാവില്ല.

ഇന്റര്‍വ്യു ചെയ്യാന്‍ അവര് എന്റെ വീട്ടിലേക്ക് വരും. അപ്പോള്‍ ഞാന്‍ ഇനി എനിക്ക് ഒന്നും പറയാനില്ല എന്നാണ് പറയാറ്. പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടാകും. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞ് ആകെ ഭ്രാന്തായി ഇരിക്കുകയാണ്, അതുകൊണ്ട് ഇനി ഇന്റര്‍വ്യു പറ്റില്ലെന്ന് പറയും.

അപ്പോള്‍ അവര് പറയുക ‘ഞങ്ങള് തൊഴിലാളികളാണ്. ദയവ് ചെയ്ത് ചേട്ടന്‍ വന്നേ പറ്റുള്ളു. ഇല്ലെങ്കില്‍ എന്റെ ജോലി പോകും’ എന്നാകും. അപ്പോള്‍ ഞാന്‍ ഇന്റര്‍വ്യൂവിന് പോകും. അങ്ങനെ എന്റെ ഇന്റര്‍വ്യു എല്ലാ പത്രങ്ങളിലും എല്ലാ മാസികകളിലും വന്നു. പക്ഷെ അപ്പോഴും ഞാന്‍ സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുകയാണ്.

പിന്നെ ഞാന്‍ സിനിമക്ക് വേണ്ടി ആളുകളെ അങ്ങോട്ട് വിളിക്കും. അപ്പുണ്ണി ശശിയെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ ‘ചേട്ടാ, ചേട്ടന്‍ എന്ത് പരിപാടിയാണ് കാണിച്ച് വെച്ചിരിക്കുന്നത്. ഭീകരപരിപാടിയാണ്, ഞെട്ടിപ്പോയി. പക്ഷെ ഈ സിനിമയില്‍ ചേട്ടന് പറ്റിയ വേഷമില്ല കേട്ടോ. ഇത് ആ ലെവലില്‍ ഉള്ളതേയുള്ളൂ’ എന്ന് പറയും.

ഒരിക്കല്‍ മലയാള സിനിമയിലെ നമ്മള്‍ എല്ലാവരും ആരാധിക്കുന്ന സംവിധായകന്‍ എന്നെ വിളിച്ചു. ‘സിനിമയില്‍ ഇല്ലാത്ത ഒരു കഥാപാത്രമാണ് ചേട്ടന്‍ ചെയ്തിരിക്കുന്നത്. അത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടേ വരികയുള്ളൂ. അതാണെങ്കില്‍ എക്‌സ്ട്രീമിലാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ഇനി കുറച്ച് വീട്ടിലിരിക്കണം’ എന്നായിരുന്നു പറഞ്ഞത്. ഞാനപ്പോള്‍ അയ്യോ അങ്ങനെ പറയരുതെന്ന് പറഞ്ഞു. നാളെ മുതല്‍ കൂടുതല്‍ സിനിമ കിട്ടുമെന്ന് കരുതി നില്‍ക്കുന്ന സമയമായിരുന്നു അത്,’ അപ്പുണ്ണി ശശി പറഞ്ഞു.


Content Highlight: Appunni Sasi Talks About His Experience In Cinema

We use cookies to give you the best possible experience. Learn more