പുഴുവിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയം മമ്മൂക്ക എന്നോട് ഒരു കാര്യം പറഞ്ഞു, അദ്ദേഹം എത്രമാത്രം ബ്രില്ല്യന്റാണെന്ന് അപ്പോള്‍ മനസിലായി: അപ്പുണ്ണി ശശി
Entertainment
പുഴുവിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയം മമ്മൂക്ക എന്നോട് ഒരു കാര്യം പറഞ്ഞു, അദ്ദേഹം എത്രമാത്രം ബ്രില്ല്യന്റാണെന്ന് അപ്പോള്‍ മനസിലായി: അപ്പുണ്ണി ശശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th October 2024, 9:57 pm

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റതീന അണിയിച്ചൊരുക്കിയ ചിത്രമാണ് 2022ല്‍ റിലീസായ പുഴു. ജാതിചിന്തയില്‍ അഭിമാനിച്ച് നടക്കുന്ന കുട്ടന്‍ എന്ന പൊലീസ് ഓഫീസറായി ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയില്‍ നിന്ന് അത്തരമൊരു കഥാപാത്രം ആരും പ്രതീക്ഷിച്ചരുന്നില്ല. പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി എന്നിവരും പുഴുവില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജാതി ചിന്ത മലയാളികള്‍ക്കിടയിലുമുണ്ടെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു പുഴു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അപ്പുണ്ണി ശശി. ആ ക്ലൈമാക്‌സ് സീനില്‍ താന്‍ ഡയലോഗ് പറയുമ്പോള്‍ മമ്മൂട്ടി പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നെന്നും ആ കഥാപാത്രത്തിന്റെ മനസിലെ ചിന്തകളെല്ലാം ബോഡി ലാംഗ്വേജില്‍ പ്രകടമായിരുന്നെന്നും അപ്പുണ്ണി ശശി പറഞ്ഞു. വളരെ ചുരുക്കം നടന്മാര്‍ക്ക് മാത്രമേ അങ്ങനെ പെര്‍ഫോം ചെയ്യാന്‍ കഴിയുള്ളൂ എന്നും മമ്മൂട്ടി എന്ന നടന്‍ ആ സീനില്‍ നടത്തിയ പ്രകടനം പകരം വെക്കാനില്ലാത്തതാണെന്നും അപ്പുണ്ണി ശശി കൂട്ടിച്ചേര്‍ത്തു.

ആ സീനിന്റെ ഒടുവില്‍ തന്നെ ട്രോഫി വെച്ച് അടിക്കുന്ന ഷോട്ട് ഉണ്ടായിരുന്നെന്നും കറക്ടായി മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് വീഴണമായിരുന്നെന്നും അപ്പുണ്ണി ശശി പറഞ്ഞു. ആക്ഷന്‍ പറയുന്നതിനൊപ്പം തന്നെ അടി വീഴുമെന്നും അതിന് തൊട്ടുമുമ്പ് മമ്മൂക്ക തന്നോട് ഒറ്റയടിക്ക് മരിക്കില്ലെന്ന് പറഞ്ഞെന്നും അപ്പുണ്ണി ശശി കൂട്ടിച്ചേര്‍ത്തു.

അത് മനസിലായതുകൊണ്ടാണ് താന്‍ താഴെ വീണ ശേഷം കുറച്ച് പിടഞ്ഞതെന്നും മമ്മൂട്ടി എന്ന നടന്‍ അഭിനയത്തിന്റെ ഒരു മലയാണെന്ന് അന്ന് മനസിലായെന്നും അപ്പുണ്ണി ശശി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുഴുവിന്റെ ക്ലൈമാക്‌സ് സീന്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. ആ സീനില്‍ ഞാന്‍ ഡയലോഗ് പറയുമ്പോള്‍ മമ്മൂക്ക പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. പക്ഷേ ആ ക്യാരക്ടറിന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാല്‍ അയാളുടെ മനസില്‍ എന്താണെന്ന് ഓഡിയന്‍സിന് മനസിലാകും. വളരെ ചുരുക്കം നടന്മാര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ പറ്റുള്ളൂ. മമ്മൂട്ടി എന്ന നടന്‍ ആ സീനില്‍ നടത്തിയ പെര്‍ഫോമന്‍സ് പകരം വെക്കാനില്ലാത്തതാണ്.

ആ സീനില്‍ പുള്ളി ട്രോഫി വെച്ച് എന്നെ അടിക്കുന്ന ഷോട്ടുണ്ട്. ആക്ഷന്‍ പറയുന്നതിനൊപ്പം തന്നെയാണ് അടിവീഴുന്നത്. അപ്പോള്‍ ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പ് മമ്മൂക്ക എനിക്കൊരു ടിപ്പ് തന്നു. ‘ഒറ്റയടിക്കൊന്നും മരിക്കില്ല കേട്ടോ’ എന്നാണ് പുള്ളി പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു. കറക്ടായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് വീണിട്ട് ഞാന്‍ തലയനക്കാതെ കുറച്ചുനേരം പിടഞ്ഞു. അത് എല്ലാവര്‍ക്കും ഇഷ്ടമായി. മമ്മൂക്കയുടെ ബ്രില്യന്‍സാണത്. അഭിനയത്തില്‍ പുള്ളി വലിയൊരു മലയാണെന്ന് അന്ന് മനസിലായി,’ അപ്പുണ്ണി ശശി പറഞ്ഞു.

Content Highlight: Appunni Sasi shares the experience of Puzhu movie