ജയ് ഭീമില്‍ വയലന്‍സിന്റെ ആധിക്യം കൊണ്ട് പല ഭാഗത്തും മടുപ്പ് തോന്നും, എന്നാല്‍ പുഴുവില്‍ അതൊന്നും ഇല്ലാതെ തന്നെ ശക്തമായി കാര്യങ്ങള്‍ പറഞ്ഞു: അപ്പുണ്ണി ശശി
തമിഴില്‍ വാണിജ്യ സിനിമകള്‍ക്കൊപ്പം കലാമൂല്യമുള്ള പ്രത്യേകിച്ചു ജാതിരാഷ്ട്രീയത്തെ പറ്റി സംസാരിക്കുന്ന നിരവധി സിനിമകള്‍ പുറത്ത് വരുമ്പോള്‍ മലയാളത്തില്‍ അത്തരം സിനിമകള്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന പരാതി പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകള്‍ ഈ പ്രശ്‌നം പരിഹരിച്ചിരുന്നു. കള, പട, ജനഗ ഗണ മന എന്നിവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഒടുവില്‍ ഇറങ്ങിയ പുഴുവും ജാതി രാഷ്ട്രീയത്തെ പറ്റി ശക്തമായി തന്നെ സംസാരിക്കുന്നുണ്ട്.
എന്നാല്‍ പുഴു ജാതി രാഷ്ട്രീയത്തെ പറ്റി സംസാരിച്ച തമിഴ് സിനിമകളെക്കാളും മികച്ച ചിത്രമാണ് എന്ന് പറയുകയാണ് അപ്പുണ്ണി ശശി. പുഴുവില്‍ ബി.ആര്‍ കുട്ടപ്പനായി വന്ന് മികച്ച പ്രകടനമാണ് അപ്പുണ്ണി ശശി കാഴ്ച വെച്ചത്. ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുഴുവിനെ പറ്റി പറഞ്ഞത്.
‘തമിഴില്‍ ജാതിയുടെ രാഷ്ട്രീയം പറയുന്ന സിനിമകള്‍ കാണുമ്പോള്‍ മലയാളത്തിലെന്താ ഇത്തരം സിനിമകള്‍ വരാത്തത് എന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. എന്നാല്‍ പുഴു അതിന്റെയൊക്കെ മേലെ നില്‍ക്കുന്ന സിനിമയാണ് പുഴു. തമിഴിലെ സിനിമകള്‍ നമ്മള്‍ കുറെ കണ്ടു. അതൊക്കെ വളരെ നല്ലതായിരുന്നു.
ഒരുപാട് സിനിമ ഭയങ്കരമായി നന്നായിട്ടുണ്ടായിരുന്നു. ജയ് ഭീം നല്ല സിനിമയായിരുന്നു. പക്ഷേ അതിലൊക്കെ ഭയങ്കര അടിക്കല്‍, പിടിക്കല്‍, ചോര തുപ്പല്‍, അതിന്റെ ആധിക്യം കൊണ്ട് പല ഭാഗത്തും മടുപ്പ് തോന്നും. എന്നാല്‍ പുഴുവില്‍ അതൊന്നും ഇല്ലാതെ തന്നെ ശക്തമായി കാര്യങ്ങള്‍ പറയാനാവുന്നുണ്ട്. ഉപ്പും മുളകും മറ്റ് സാധനങ്ങളും ഒക്കെ ഇട്ട് ഉണ്ടാക്കുന്ന ഭയങ്കര ടേസ്റ്റ് ഉള്ള സാമ്പാറില്ലേ, അതേപോലെയാക്കിയിട്ടിണ്ട് പുഴു,’ അപ്പുണ്ണി ശശി പറഞ്ഞു.
കഴിഞ്ഞ മെയ് 12നാണ് പുഴു സോണി ലിവില്‍ പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് പുഴു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും.
ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് പുഴു. വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിലെത്തിയിരുന്നു. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം, പി.ആര്‍.ഒ: പി.ശിവപ്രസാദ്.
Content Highlight: appunni sasi says that puzhu is better than Tamil films that talk about caste politics