| Wednesday, 22nd June 2022, 7:38 am

പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ മറ്റാരെയും കിട്ടിയില്ലേ എന്നാണ് ചിലര്‍ ചോദിച്ചത്: അപ്പുണ്ണി ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചയായ സിനിമയാണ് മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി എന്നിവര്‍ അഭിനയിച്ച പുഴു. നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ താരമായിരുന്നു കുട്ടപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പുണ്ണി ശശി.

മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നായകന്റെ സ്ഥാനം തന്നെയായിരുന്നു അപ്പുണ്ണി ശശിക്ക്. ജാതിയുടെ വിഷം എങ്ങനെ സമൂഹത്തില്‍ പടര്‍ന്നിരിക്കുന്നു എന്ന് വ്യക്തമായി കാണിച്ചു തന്ന ചിത്രത്തില്‍ തനിക്കും അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ അപ്പുണ്ണി ശശി.

‘അവഗണനകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്, പലപ്പോഴും കറുത്തവനായതിന്റെ പേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഇതേ കറുപ്പുതന്നെ വിജയങ്ങളും തന്നിട്ടുണ്ട്. പുഴുവിലെ കുട്ടപ്പന്‍ എന്ന മികച്ച കഥാപാത്രം തേടിയെത്തിയത് ഞാന്‍ കറുത്തവനായതുകൊണ്ടാണ്. ജാതിയുടെയും വര്‍ണത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യര്‍ മാറ്റിനിര്‍ത്തപ്പെടുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്ന ലോകത്താണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. അത്തരം ചിന്തകള്‍ ഈ ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമാണ്. മരുന്നിട്ട് തുടച്ചാലോ വെട്ടിമാറ്റിയാലോ അത് ഒരിക്കലും മാറില്ല.

പക്ഷേ, നമുക്കാവുന്ന രീതിയില്‍ അത്തരം ചിന്തകള്‍ക്കുമേല്‍ നല്‍കുന്ന വലിയ അടിയാണ് പുഴു എന്ന സിനിമ. പുഴു കണ്ടിട്ട് ചിലര്‍ ചോദിച്ചത് ‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’ എന്നാണ്. അത്തരം പ്രതികരണങ്ങള്‍ എന്റെ അഭിനയത്തിനു കിട്ടിയ അവാര്‍ഡായാണ് കാണുന്നത്. കാരണം, കുട്ടപ്പന്‍ എന്ന കഥാപാത്രം ചിലരെയെല്ലാം അസ്വസ്ഥമാക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം, അഭിമാനം,’ അപ്പുണ്ണി ശശി പറഞ്ഞു.

അതേസമയം പുഴുവിന് ശേഷം തന്നെ തേടി മറ്റ് സിനിമകളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

‘പുഴുവിലെ കഥാപാത്രത്തിന് ഇത്രയേറെ അഭിനന്ദനങ്ങള്‍ കിട്ടിയെങ്കിലും പുതിയ സിനിമകളിലേക്കൊന്നും ഇതുവരെ വിളി വന്നിട്ടില്ല. നമുക്ക് ഒന്നിച്ച് ഒരുസിനിമ ചെയ്യാം എന്ന് ആരും ഒരുറപ്പും തന്നിട്ടില്ല. എന്താണ് കാരണം എന്നെനിക്കറിയില്ല…? പക്ഷേ, നാടകവും സിനിമയും എന്റെ അഭിനയവും സത്യമാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് നല്ല സംവിധായകര്‍ നല്ല കഥാപാത്രങ്ങളുമായി തേടിവരും എന്ന ശുഭാപ്തിവിശ്വാസത്തില്‍ത്തന്നെയാണ് ഞാനിപ്പോഴും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Appunni Sasi says Some asked to find someone else to play Parvathy’s husband in puzhu movie 

We use cookies to give you the best possible experience. Learn more