പുഴുവിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് അപ്പുണ്ണി ശശി. 80തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പുഴുവിലൂടെയാണ് അദ്ദേഹത്തിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ലഭിച്ചത്. ഇത്രയും കഴിവുള്ള കലാകാരന് എന്തുകൊണ്ടാണ് ഇതുവരെ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാത്തത് എന്ന ചോദ്യം പ്രേക്ഷകരും ഉന്നയിച്ചിരുന്നു.
അവസരങ്ങള്‍ കിട്ടുന്നതാണെന്നും അവ ചോദിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ എന്നുമാണ് ഈ ചോദ്യങ്ങള്‍ക്ക് അപ്പുണ്ണി ശശിയുടെ മറുപടി. ഒരു മോണോ ആക്റ്റ് പോലും കളിക്കാത്ത, നാടകം കാണാത്ത ആള്‍ക്കാരൊക്കെ ഇവിടെ വലിയ നടന്മാരായിട്ടുണ്ടെന്നും അങ്ങനെയും സിനിമയില്‍ കാര്യങ്ങള്‍ നടക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്പുണ്ണി ശശി.
‘അവസരങ്ങള്‍ കിട്ടുന്നതാണ്, വാങ്ങാന്‍ പറ്റില്ലല്ലോ. കിട്ടാത്തതുകൊണ്ടാണ്, അല്ലാതെ ഉത്തരം പറയാന്‍ പറ്റില്ലല്ലോ. എത്രയോ ആളുകള്‍ കോടിക്കണക്കിന് രൂപ മുടക്കി വലിയ നടന്മാരെ വെച്ച് സിനിമ ചെയ്യുന്നു. എനിക്കതില്‍ കിട്ടിയില്ലെന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. കിട്ടിയാല്‍ ബോണസ്, അത്രേയുള്ളൂ.
കുട്ടിക്കാലത്ത് മീനെ പിടിക്കാന്‍ കൈ ചേര്‍ത്ത് പിടിക്കും. കൈ ഉയര്‍ത്തുമ്പോള്‍ അതില്‍ ഒന്നും കാണില്ല. ചിലപ്പോള്‍ ഒരു കണ്ണന്‍ മീന്‍ കുടുങ്ങും. അതേപോലെ ഞാന്‍ അതിനെ കണ്ടിട്ടുള്ളൂ. വീണ്ടും വീണ്ടും ശ്രമിച്ചാലേ കഥാപാത്രങ്ങള്‍ കിട്ടൂ,’ അപ്പുണ്ണി ശശി പറഞ്ഞു.
‘ചില ആളുകള്‍ ഒരു മോണോ ആക്റ്റ് പോലും കളിക്കാത്ത, നാടകം കാണാത്ത ആള്‍ക്കാരൊക്കെ ഇവിടെ വലിയ നടന്മാരായിട്ടുണ്ട്. നമ്മളപ്പോള്‍ പെട്ടിപ്പുറത്ത് കിടന്നുറങ്ങുകയും കൊതുകിന്റെ കടി കൊള്ളുകയുമൊക്കെ ചെയ്തിട്ടുണ്ടാവും. അത് ആലോചിച്ചിട്ട് കാര്യമില്ല. പക്ഷേ അവരൊക്കെ നന്നായിട്ട് ചെയ്യുകയും ചെയ്യും പിന്നീട്.
പഠിപ്പ് മാത്രം പോരല്ലോ, പഠിപ്പിലൊരു പൊടിപ്പ് എന്നൊരു സംഗതിയുണ്ടല്ലോ. അതുള്ളവരാണ് വലിയ നിലയിലേക്ക് വരുന്നത്. നാടകക്കാരായ സിനിമാക്കാരിവിടെ ഉണ്ടായിരുന്നു. അവരിവിടെ തെളിയിച്ചിട്ട് പോയത് ചില്ലറക്കാര്യങ്ങളൊന്നുമല്ല. എന്റെ അഭിപ്രായത്തില്‍ നാടകം പഠിച്ചവര്‍ തന്നെയാണ് ഇവിടെ ഏറ്റവും വലിയ കഴിവൊക്കെ കാണിച്ചു പോയത്. ഇന്‍ബോണായി ചെയ്തവരും കാണിച്ചിട്ടുണ്ട്. അല്ലാതെ നാടകം കളിച്ചവര്‍ കാണിച്ച കുറെ കാര്യങ്ങള്‍ ഉണ്ടിവിടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
4000 ത്തിലധികം വേദികളില്‍ അപ്പുണ്ണി ശശി നാടകം അവതരിപ്പിച്ചിട്ടുണ്ട്. 2009 ല്‍ പുറത്ത് വന്ന പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് അപ്പുണ്ണി ശശി സിനിമയിലെത്തുന്നത്. പിന്നീട് ഞാന്‍, ആന അലറലോടലറല്‍, ഇന്ത്യന്‍ റുപ്പി, പാവാട, കപ്പേള തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlight: Appunni sasi says opportunities cannot be asked and bought