പുഴുവിന്റെ റിലീസോടെ സിനിമാ പ്രേമികളാകെ അപ്പുണ്ണി ശശിയെ പ്രശംസിക്കുകയാണ്. പുഴുവില്‍ ബി.ആര്‍. കുട്ടപ്പനായി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. മുമ്പ് പാലേരിമാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ, ഞാന്‍, ആന അലറലോടലറല്‍ എന്നിങ്ങനെ 80പതിലധികം സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്പുണ്ണി ശശിയെ പോലെ അളുകള്‍ ശ്രദ്ധിക്കുന്ന കഥാപാത്രം ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു.
നവാഗതയായ റത്തീന പി.ടിയാണ് പുഴു സംവിധാനം ചെയ്തത്. റത്തീനയുടെ കീഴില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം പറയുകയാണ് അപ്പുണ്ണി ശശി. റത്തീനയുടെ സെറ്റില്‍ വളരെ ഫ്രീ ആയിട്ടാണ് അഭിനയിക്കാറുള്ളതെന്നും അവര്‍ അധികം വഴക്ക് പറയാറില്ലെന്നും അപ്പുണ്ണി ശശി പറയുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപ്പുണ്ണി ശശി റത്തീനയുടെ സംവിധാനത്തെ പറ്റി പറഞ്ഞത്.
‘റത്തീന ചെയ്യേണ്ട കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞുതരും. വലിയ വഴക്കൊന്നും പറയാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വളരെ ഫ്രീ ആയിട്ടിരിക്കും. മനസിന് ടെന്‍ഷന്‍ വരില്ല.
രഞ്ജിത്ത് സാറിന്റെ ക്ലാസിലിരുന്ന കാര്യമാണ് അപ്പോള്‍ ഓര്‍മ വന്നത്. ഇന്ന ഡയലോഗ് ഇവിടെ പറയണമെന്ന് പറഞ്ഞ് മാര്‍ക്ക് ചെയ്ത് വെക്കും. അതെങ്ങാനും തെറ്റിച്ചാല്‍ രഞ്ജിത്ത് സാര്‍ നന്നായിട്ട് ദേഷ്യം പിടിക്കും. കാരണം അത് ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ റത്തീന അങ്ങനെയല്ല. ഒരു ഡയലോഗ് പത്ത് പ്രാവിശ്യം വന്നില്ലെങ്കിലും പതിനൊന്നാമത്തെ പ്രവിശ്യം പറയുമ്പോള്‍ ശരിയാവാനായിട്ട് ഒന്നും പറയാതെ പമ്മിയിരുന്ന് അവരെക്കൊണ്ട് പറയിക്കും. അത് വരേണ്ടതാണ്. വരുത്താന്‍ കഴിയില്ലല്ലോ അത്. വഴക്ക് പറഞ്ഞാല്‍ നമ്മളെ ഡയലോഗ് പറയുന്നതില്‍ നിന്നും ബ്ലോക്ക് ചെയ്യുകയാണ്. ആ സെറ്റില്‍ വളരെ ക്വയറ്റ് ആയിട്ടാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്,’അപ്പുണ്ണി ശശി പറഞ്ഞു.
‘ഹര്‍ഷാദിക്ക സഹായിക്കാനായിട്ട് കൂടെയുണ്ടായിരുന്നു. ഏറ്റവും വലിയ ഭാഗ്യമതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ എനിക്ക് ഹര്‍ഷാദിക്കയെ പരിചയമുണ്ട്. അദ്ദേഹം അന്ന് സംസാരിക്കുമ്പോഴേ എനിക്കറിയാം ഇദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തീപ്പൊരി ഉണ്ടെന്ന്. എനിക്ക് ഹര്‍ഷാദിക്ക കൊണ്ടുതന്ന ഭാഗ്യമാണ് ഈ സിനിമ.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: appunni sasi about the direction and shooting set of renjith and ratheena