| Sunday, 15th May 2022, 10:26 pm

ആര്‍ക്കറിയാം കണ്ട് എനിക്ക് ആരാധന തോന്നിയിട്ടുണ്ട്; സെറ്റില്‍ ഒരുപാട് സംസാരിച്ചിരിക്കുന്നയാളല്ല, ഇന്റലിജന്റായ രീതിയാണ് അവരുടേത്: അപ്പുണ്ണി ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- റത്തീന ചിത്രം പുഴുവില്‍ ബി.ആര്‍. കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കയ്യടി നേടിയിരിക്കുകയാണ് നടന്‍ അപ്പുണ്ണി ശശി. പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച ഭാരതിയുടെ ഭര്‍ത്താവും നാടകനടനുമായ കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിച്ചത്.

പുഴു സിനിമയില്‍ നടി പാര്‍വതിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ അപ്പുണ്ണി ശശി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ആര്‍ക്കറിയാം എന്ന സിനിമ റിലീസ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോഴാണ് പുഴുവിന്റെ ഷൂട്ടിങ്ങ് നടന്നത്. ആര്‍ക്കറിയാം ഞാന്‍ കണ്ട സമയമായിരുന്നു.

ആ സിനിമയില്‍ ബിജു ചേട്ടന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്, ഷറഫു നന്നായി അഭിനയിച്ചിട്ടുണ്ട്, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് പാര്‍വതിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു.

ഇവര്‍ക്ക് വലുതായൊന്നും ആ സിനിമയില്‍ ചെയ്യാനില്ലെങ്കിലും അവരുടെ ആ പ്രസന്‍സ് കൊണ്ടും ചെയ്ത്ത് കൊണ്ടും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വല്ലാത്തൊരു കഴിവാണത്.

കാരണം സിനിമയില്‍ ഡയലോഗും കാര്യങ്ങളൊന്നുമില്ലാതെ സ്‌ക്രീനില്‍ നില്‍ക്കുക, സ്‌ക്രീന്‍ പ്രസന്‍സോടെ അഭിനയിക്കുക എന്നൊക്കെ പറയുന്നത് ചെറിയ ബുദ്ധിമുട്ടൊന്നുമല്ല. കഥാപാത്രത്തിന് ജീവന്‍ കൊടുക്കുകയാണത്.

എനിക്ക് അത് ഭയങ്കര ഇഷ്ടമായി എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതുപോലെ ടേക്ക് ഓഫുമെല്ലാം നമ്മള്‍ കണ്ടതാണ്. അതൊക്കെ കണ്ട് ഒരുപാട് ആരാധന തോന്നിയിരുന്നു.

പുഴു സിനിമ ചെയ്യാന്‍ വേണ്ടി എന്റെ കൂടെ നിന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ഒന്നുരണ്ട് പ്രാവശ്യം എനിക്ക് നിര്‍ദേശങ്ങളും തന്നിരുന്നു. നമുക്ക് ഇങ്ങനെ ചെയ്താലോ, എന്നാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നൊക്കെ ചോദിക്കും. ‘നമുക്ക്’ എന്നാണ് എപ്പോഴും പറയുക. അങ്ങനെ ഒന്നുരണ്ട് സീനില്‍ സഹായിച്ചിട്ടുണ്ട്.

അല്ലാതെ സെറ്റില്‍ ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഒരാളല്ല. അവരുടേത് വേറെ ഒരു രീതി തന്നെയാണ്. നല്ല ഇന്റലിജന്റായ കക്ഷിയായാണ് എനിക്ക് പാര്‍വതിയെ തോന്നിയത്. നന്നായി പെരുമാറുന്ന ഒരാള്‍.

സിനിമയില്‍ അത്രത്തോളം വലിയ സ്ഥാനമില്ലാത്ത ഞാന്‍, എന്റെ രൂപം, ഇപ്പോഴുള്ള പൊസിഷന്‍- ഇതൊക്കെ വെച്ച് എന്റെ പെയര്‍ ആയി അഭിനയിക്കാന്‍ അവര്‍ വന്നു. ഈ കാര്യത്തില്‍ എനിക്ക് അവരോട് ബഹുമാനം തോന്നിയിട്ടുണ്ട്. കാരണം, ഒരുപാട് പേര്‍ അത്തരം സാഹചര്യങ്ങളില്‍ ഒപ്പം അഭിനയിക്കാത്ത പ്രശ്‌നങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.

സിനിമയാണ് അവര്‍ക്ക് (പാര്‍വതിക്ക്) പ്രധാനം. സിനിമയില്‍ തന്റെ ഭാഗം കൃത്യമായി ചെയ്യുക, എന്നുള്ള അവരുടെ ഡെഡിക്കേഷന്‍ നമ്മള്‍ നമിക്കേണ്ട കാര്യം തന്നെയാണ്,” അപ്പുണ്ണി ശശി പറഞ്ഞു.

മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശശി എന്നിവര്‍ക്ക് പുറമെ ഇന്ദ്രന്‍സ്, കുഞ്ചന്‍, ആത്മീയ രാജന്‍, വാസുദേവ് സജീഷ് മാരാര്‍, നെടുമുടി വേണു, പ്രശാന്ത് അലക്‌സാണ്ടര്‍, കോട്ടയം രമേഷ്, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Appunni Sasi about Parvathy Thiruvoth as a co star and her acting

We use cookies to give you the best possible experience. Learn more