| Sunday, 15th May 2022, 8:54 pm

പരകായ പ്രവേശത്തിന്റെ സിദ്ധിയുള്ള നടനാണ് അദ്ദേഹം; ബി.ആര്‍. കുട്ടപ്പന്റെ ഡയലോഗുകള്‍ വായിച്ചപ്പോള്‍, എന്തൊരു ഭാഗ്യവാനാണ് ഞാനെന്നാണ് ചിന്തിച്ചത്: അപ്പുണ്ണി ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗത സംവിധായിക റത്തീനയുടെ മമ്മൂട്ടി ചിത്രം പുഴുവിനെ ഒരുപോലെ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ പ്രേമികളും സോഷ്യല്‍ മീഡിയയും. മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും ചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്.

മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ്. സവര്‍ണ കഥാപാത്രങ്ങളായ മന്നാടിയാരെയും അറക്കല്‍ മാധവന്‍കുട്ടിയെയും നന്ദഗോപാല്‍ മാരാറെയും സേതുരാമയ്യരെയും അവതരിപ്പിച്ച മമ്മൂട്ടി തന്നെ പുഴുവില്‍ ഇത്തരത്തില്‍ ഒരു കൗണ്ടര്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ അപ്പുണ്ണി ശശി.

പുഴുവില്‍ ബി.ആര്‍. കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് യഥാര്‍ത്ഥ ജീവിതത്തിലും നാടക നടന്‍ കൂടിയായ അപ്പുണ്ണി ശശി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അദ്ദേഹം സിനിമയിലെ റോള്‍ ഒന്നുമല്ല നോക്കുന്നത്. അഭിനയിക്കാന്‍ അത്രയും ത്വരയുള്ള ആളാണ് മമ്മൂക്ക എന്നാണ് ഞാന്‍ പഠിച്ച ഒരു കാര്യം. അതില്‍ സവര്‍ണനെന്നോ അവര്‍ണനെന്നോ നോക്കുന്നില്ല.

പൊന്തന്‍മാടയും മൃഗയുമൊക്കെ ചെയ്തില്ലേ. അതൊക്കെ ഇവിടെ തെളിവായി ഇല്ലേ. മമ്മൂക്കയില്‍ ഞാന്‍ കണ്ട ഒരു കാര്യം അദ്ദേഹം കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. അല്ലാതെ കഥാപാത്രത്തെ തന്നിലേക്ക് അടുപ്പിക്കുകയല്ല.

ഒരു പരകായ പ്രവേശത്തിന്റെ വലിയ സിദ്ധിയുള്ള നടന്‍ തന്നെയാണ് മമ്മൂക്ക.

ചിത്രം, കിലുക്കം പോലെയുള്ള സിനിമകളൊക്കെ കാലൊക്കെ നീട്ടിവെച്ച് തോളൊക്കെ പിറകിലേക്ക് നീട്ടി റിലാക്‌സ് ചെയ്ത് ചിരിച്ച് രസിച്ച് കാണാവുന്നവയാണ്. പുഴു അങ്ങനെയല്ല. കസേര ഇടക്ക് നമ്മള്‍ മുറുകെ പിടിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാണ്. പിരിമുറുകും നമ്മള്‍.

കഥ അറിഞ്ഞിട്ടും, അതില്‍ അഭിനയിച്ചിട്ടും പോലും സിനിമ കണ്ടപ്പോള്‍ ചെറുതായി പ്രഷര്‍ കയറുന്ന പോലെ എനിക്ക് തോന്നിയിരുന്നു. അത്രയും സിനിമ നമ്മളെ ബാധിക്കുന്നുണ്ട്.

ബി.ആര്‍. കുട്ടപ്പന്‍ പറയുന്ന ഡയലോഗുകള്‍ ആദ്യം വായിച്ചപ്പോള്‍, അത്രയും പൊളിറ്റിക്‌സ് പറയുന്ന ഡയലോഗുകള്‍, എന്തൊരു ഭാഗ്യവാനാണ് ഞാന്‍ എന്നായിരുന്നു ചിന്തിച്ചത്,” അപ്പുണ്ണി ശശി പറഞ്ഞു.

Content Highlight: Appunni Sasi about Mammootty’s acting in Puzhu movie

Latest Stories

We use cookies to give you the best possible experience. Learn more