പാര്‍ട്ടിയ്ക്ക് വേണ്ടി തിരുവഞ്ചൂരിനെപ്പോലെ നിയമവാഴ്ച അട്ടിമറിക്കരുതെന്ന് ചെന്നിത്തലയോട് വള്ളിക്കുന്ന്
Kerala
പാര്‍ട്ടിയ്ക്ക് വേണ്ടി തിരുവഞ്ചൂരിനെപ്പോലെ നിയമവാഴ്ച അട്ടിമറിക്കരുതെന്ന് ചെന്നിത്തലയോട് വള്ളിക്കുന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2014, 9:41 am

[]കോഴിക്കോട്: പാര്‍ട്ടി താത്പര്യം സംരക്ഷിക്കാനായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലെ നിയമവാഴ്ച അട്ടിമറിക്കരുതെന്ന് പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ഇടത് രാഷ്ട്രീയ നിരീക്ഷകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിയമവാഴ്ചയെ യു.ഡി.എഫിന് വേണ്ടി അട്ടിമറിക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചതെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആരോപിച്ചു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മംഗളം ദിനപത്രത്തില്‍ എഴുതിയ തുറന്ന കത്തിലൂടെയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കിയത്.

സോളാര്‍ കേസ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് ജനപക്ഷത്തുനിന്ന് നോക്കിക്കാണുന്ന ആര്‍ക്കും യോജിക്കേണ്ടി വരുമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടി.

ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി രാഷ്ട്രീയതാത്പര്യം നിര്‍ത്തി നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തന്റെ തുറന്ന കത്തില്‍ നിരത്തുന്നു.

ടി.പിയുടെ ഭാര്യ കെ.കെ രമയ്ക്ക് വന്നിരിക്കുന്ന ഭീഷണിക്കത്തുകളും തന്റെ ലേഖനത്തില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഉദാഹരിക്കുന്നുണ്ട്.

ഭരണഘടനയനുസരിച്ച് പ്രതിജ്ഞയെടുത്ത രമേശ് ചെന്നിത്തലയുടെ സ്ഥാനലബ്ദി ഭരണമുന്നണിക്കും സര്‍ക്കാരിനും അതിനെ നിലനിര്‍ത്തുന്നെന്ന് പറയുന്ന ചില ജാതിമത സംഘടനാ നേതൃത്വങ്ങള്‍ക്കുമുള്ള ആശ്വാസനടപടിയാണെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ യൂണിയന്‍ സര്‍ക്കാരിന് പോലും നേരിട്ട് ഇടപെടാന്‍ അധികാരമില്ലാത്ത ക്രമസമാധാനപാലനമാണ് താങ്കളുടേതെന്നും താങ്കളെ മന്ത്രിയാക്കിയത് ഹൈക്കമാന്‍ഡാണെങ്കിലും സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് കേരളത്തിലെ ജനങ്ങളാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.

നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതരമായ ആരോപണമുയരുമ്പോഴാണ് താങ്കള്‍ അധികാരമേറ്റെടുക്കുന്നതെന്നും രമേശ് ചെന്നിത്തലയെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തന്റെ തുറന്ന കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.