കോഴിക്കോട്: വര്‍ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ നിലപാടിനെതിരായ ഒരു സത്യവാങ്മൂലം എങ്ങനെ ഹൈക്കോടതിയില്‍ വന്നതെന്നതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് അധികാരികളോ പ്രോസിക്യൂട്ടര്‍മാരോ ആണ് സര്‍ക്കാറിനുവേണ്ടി കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നത്. പലപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ കോടതിക്കു മുമ്പില്‍ വരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്നു വിശദീകരണം നല്‍കുന്നതിനൊപ്പം മുഖ്യമന്ത്രി അതു തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“തന്റെ പാര്‍ട്ടി ഇതുവരെ എടുത്ത നിലപാടിനെതിരായിട്ട് താന്‍ അധികാരത്തില്‍ വന്നശേഷം തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ സത്യവാങ്മൂലം എങ്ങനെ കൊടുത്തു എന്നുള്ളത് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയതു വിശദീകരിക്കണം. വിശദീകരിച്ചാല്‍ മാത്രം പോര അതു തിരുത്താനും അങ്ങനെ സര്‍ക്കാര്‍ നയത്തിനെതിരായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തുകൊണ്ട് ബ്യൂറോക്രസിക്ക് അര്‍ഹിക്കുന്ന ഒരു സന്ദേശം കൊടുക്കാനും അദ്ദേഹം തയ്യാറാവണം. തയ്യാറാവുന്നില്ലെങ്കില്‍ പറയുന്നതൊന്നും ചെയ്യുന്നതൊന്നും എന്ന വൈരുദ്ധ്യം കഴിഞ്ഞ പത്തുമാസമായി തുടരുന്നതുപോലെ ഇനിയും തുടരും.” അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
വര്‍ഗീസിനെ പൊലീസ് വെടിവെച്ചുകൊന്നതാണെന്നായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ നിലപാട്. അത് പൊലീസ് അക്രമത്തിന്റെ ഭാഗമാണെന്നും ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നുമൊക്കെയാണ് സി.പി.ഐ.എം സ്വീകരിച്ച നിലപാട്. ഈനിലപാടാണ് ഹൈക്കോടതിയിലായാലും മറ്റു നീതിപീഠങ്ങളിലായാലും പ്രതിഫലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ രണ്ടു സാധ്യതകളാണുള്ളത്. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ നിലപാടു സ്വീകരിച്ചതാവാം. മറ്റൊന്ന് പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന തരത്തില്‍ കഴിഞ്ഞ പത്തുമാസക്കാലമായി നമ്മള്‍ കാണുന്ന വൈരുദ്ധ്യത്തിന്റെ ഭാഗമാകാം ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“രണ്ട് സാധ്യതകളാണുള്ളത്. ഒരു സര്‍ക്കാര്‍ സംവിധാനം പൊലീസ് പ്രോസിക്യൂഷന്‍ കോടതി ഇതൊക്കെ പറയുന്നത് കഴിഞ്ഞ കുറേക്കാലമായിട്ട് ഏതു സര്‍ക്കാര്‍ ഭരിച്ചാലും അവിടെ ഇത്തരം സ്ഥാപിത താല്‍പര്യക്കാരുടെ ഒരു വലിയ ഐക്യമുന്നണിയുണ്ട്. ഈ ഐക്യമുന്നണിയെന്നു പറയുന്നത് പ്രബലരായ ക്രിമിനലുകളുടെ സാമ്പത്തിക താല്‍പര്യക്കാരുടെ അല്ലെങ്കില്‍ ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ നടത്തിയ ഭരണാധികാരികളുടെ ഒക്കെത്തന്നെയും പ്രേതങ്ങളായിട്ട് കാര്യങ്ങളില്‍ ഇടപെടുന്ന ഒരു കാഴ്ച നമ്മള്‍ കാണുന്നത്.” അദ്ദേഹം വിശദീകരിക്കുന്നു.
“രണ്ടാമത് വളരെ ബോധപൂര്‍വ്വം തന്നെ ഈ സര്‍ക്കാറിനായാലും യു.ഡി.എഫ് സര്‍ക്കാറായാലും പുറത്തൊന്നു പറയുകയും ചെയ്യുന്നത് മറ്റൊന്നും എന്നുള്ള ഒരു കോണ്‍ട്രഡിക്ഷന്‍ നമ്മള്‍ കാണുന്നുണ്ട്. ഇക്കഴിഞ്ഞൊരു പത്തുമാസമായി നോക്കുമ്പോള്‍ അത് എല്‍.ഡി.എഫിലും അതുപോലെ തന്നെയുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
ഇത് ശിക്ഷിക്കപ്പെട്ട കേസാണ്. സി.പി.ഐ.എം ഈ വിഷയത്തില്‍ പുലര്‍ത്തിക്കൊണ്ടുവന്ന നിലപാടില്‍ നിന്ന് മാറരുതെന്നു പറഞ്ഞ അദ്ദേഹം ഈയൊരു സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധമുയരേണ്ടതുണ്ടെന്നും പറഞ്ഞു.