ന്യൂദല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകുന്നു. വ്യാഴായ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്രാനുമതി ലഭിച്ചതോടെ ഫാക്ടറിയുടെ പണി ഉടന്‍ ആരംഭിക്കും. ഈ മാസം തന്നെ പദ്ധതിക്ക് തറക്കല്ലിടുമെന്നാണ് സൂചന.
കയറ്റുമതി മുന്‍നിര്‍ത്തി ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് കോച്ചുകളായിരിക്കും കഞ്ചിക്കോട്ട് നിര്‍മ്മിക്കുക. ആദ്യം അലൂമിനിയം കോച്ചുകളും പിന്നീട് സ്റ്റീല്‍ കോച്ചുകളുമായിരിക്കും ഫാക്ടറിയില്‍ നിര്‍മ്മിക്കുക.
576 കോടി രൂപയുടെ പൊതു-സ്വകാര്യ സംയുക്ത സംരംഭമായ ഫാക്ടറിയുടെ നിര്‍മ്മാണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കും. മാര്‍ച്ച് 14 ന് അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍ തുക വകയിരുത്തിയാല്‍ മാത്രമേ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ.
രാജ്യത്തെ നാലാമത്തെ കോച്ച് ഫാക്ടറിയാകുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി, പാലക്കാട് റെയില്‍വെ ഡിവിഷന്‍ മുറിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചതിന് പകരമായാണ് കേരളത്തിന് അനുവദിച്ചത്. ഫാക്ടറിക്ക് 900 ഏക്കര്‍ സ്ഥലം സംസ്ഥാനം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് 600 ഏക്കര്‍ സ്ഥലം മതിയെന്ന് റെയില്‍വെ അറിയിച്ചെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഫാക്ടറി പൊതുമേഖലയില്‍ നിര്‍മിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും റെയില്‍വെ അത് അംഗീകരിച്ചില്ല. തര്‍ക്കത്തെ തുടര്‍ന്ന് പദ്ധതി നീണ്ടുപോയി. ഫാക്ടറിക്കായി ആദ്യഘട്ടമെന്ന നിലയില്‍ 239 ഏക്കര്‍ സ്ഥലം 33.7 കോടി രൂപക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ച് ഉത്തരവ് മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കൈമാറിയിരുന്നു.