തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട ഭേദഗതി നിയമത്തിന് നിയമസഭയുടെ സബ്ജക്റ്റ് കമ്മറ്റി അംഗീകാരം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കവെയാണ് അംഗീകാരം.
ഈ മാസം 25ന് ഭേദഗതി ബില്‍ നിയമസഭ പരിഗണിക്കും. നേരത്തെ രണ്ടു തവണ നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ലിന് സബ്ജക്റ്റ് കമ്മിറ്റിയില്‍ എതിര്‍പ്പ് വന്നിരുന്നു. തുടര്‍ന്നാണ് മൂന്നാം തവണ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയത്.
പ്രതിപക്ഷ അംഗങ്ങളായ അടൂര്‍ പ്രകാശ്, എം. ഉമ്മര്‍ എന്നിവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. പൊതു ആവശ്യത്തിന് നെല്‍വയലുകള്‍ നികത്താം എന്നാണ് പ്രധാന ഭേദഗതി. എന്നാല്‍ പൊതു ആവശ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല.
ഇതാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. സ്വകാര്യ വ്യക്തികള്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ വലിയതോതില്‍ വയല്‍ നികത്താന്‍ സാധ്യതയുണ്ട്. ഇതാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
അറുനൂറിലേറെ പഞ്ചായത്തുകള്‍ ഭൂമി സംബന്ധിച്ച ഡാറ്റ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ കരട് വിജ്ഞാപനത്തിലോ അല്ലാതേയോ വയലും നീര്‍ത്തടവുമായി ഇപ്പോള്‍ സംരക്ഷിക്കുന്ന ഭൂമിയും നികത്തപ്പെടുമെന്നാണ് മറ്റൊരു ആക്ഷേപം.
പ്രാദേശിക സമിതികളുടെ അധികാരം വെട്ടിച്ചുരുക്കി സംസ്ഥാന തലത്തിലായിരിക്കും നികത്തലിനു അനുമതി നല്‍കുക. കൂടാതെ നിയമത്തിനെതിരെ പരാതി ഉന്നയിക്കുന്നവര്‍ 5000 രൂപ പിഴയടക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.