| Wednesday, 14th September 2022, 8:03 am

ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് തന്നെ വാങ്ങും? അംഗീകാരം നല്‍കി ഓഹരി ഉടമകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. വോട്ടെടുപ്പിലൂടെയാണ് കരാറിന് അംഗീകാരം നല്‍കിയത്. 44 ബില്ല്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ വാങ്ങും. കരാറില്‍ നിന്ന് പിന്‍മാറാന്‍ മസ്‌ക് ശ്രമിക്കുന്നതിനിടെയാണ് ഓഹരി ഉടമകളുടെ വോട്ടെടുപ്പ് നടന്നത്.

ഓഹരി വിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇതോടെ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്.

അതിനിടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരം നല്‍കുന്നതടക്കം കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്നാരോപിച്ച് കരാര്‍ അവസാനിപ്പിക്കുന്നതായി മസ്‌ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഡെലവെയര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് ഒക്ടോബറിലാണ് പരിഗണിക്കുന്നത്.

4,400 കോടി ഡോളറിനായിരുന്നു(44,000 മില്യണ്‍/ 44 ബില്യണ്‍) നേരത്തെ ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ മസ്‌ക് ഒപ്പുവെച്ചിരുന്നത്. ട്വിറ്റര്‍ വാങ്ങുന്നതിനായി നേരത്തെ 46.5 ബില്യണ്‍ ഡോളറോളം മസ്‌ക് നല്‍കിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അല്‍ഗൊരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുതായി മസ്‌ക് അറിയിച്ചിരുന്നു.

CONTENT HIGHLIGHTS:  Approved by shareholders, Will Elon Musk Buy Twitter

We use cookies to give you the best possible experience. Learn more