വാഷിങ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. വോട്ടെടുപ്പിലൂടെയാണ് കരാറിന് അംഗീകാരം നല്‍കിയത്. 44 ബില്ല്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ വാങ്ങും. കരാറില്‍ നിന്ന് പിന്‍മാറാന്‍ മസ്‌ക് ശ്രമിക്കുന്നതിനിടെയാണ് ഓഹരി ഉടമകളുടെ വോട്ടെടുപ്പ് നടന്നത്.
ഓഹരി വിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇതോടെ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്.
അതിനിടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരം നല്‍കുന്നതടക്കം കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്നാരോപിച്ച് കരാര്‍ അവസാനിപ്പിക്കുന്നതായി മസ്‌ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഡെലവെയര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് ഒക്ടോബറിലാണ് പരിഗണിക്കുന്നത്.