| Sunday, 5th November 2023, 10:53 pm

റാങ്കിങ് നോക്കാതെ സായുധ സേനയിലെ എല്ലാ സ്ത്രീകൾക്കും തുല്യം; പ്രസവാവധിക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സായുധ സേന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവം, ശിശു സംരക്ഷണം, ദത്തെടുക്കല്‍ എന്നിവക്കായി തുല്യ അവധി അനുവദിക്കണമെന്ന നിര്‍ദേശത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി. വനിതാ സൈനികരുടെയും നാവികരുടെയും വ്യോമസേനാഗങ്ങളുടെയും ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ മാറ്റത്തിന് തയ്യാറാവുന്നത്.

സായുധ സേനയിലെ എല്ലാ സ്ത്രീകളുടെയും റാങ്കുകള്‍ പരിഗണിക്കാതെ തന്നെ, എല്ലാവരുടെയും പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്നാഥ് സിങ്ങിന്റെ കാഴ്ചപ്പാടിനനുസൃതമായാണ് ഈ തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈനിക മേഖലയിലെ സ്ത്രീകള്‍ക്ക് അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടിയെടുക്കുമെന്നും അത് അവരുടെ പ്രൊഫഷണല്‍ ജീവിതവും കുടുംബ ജീവിതവും സന്തുലിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതോടെ സൈനികരിലെ എല്ലാ സ്ത്രീകള്‍ക്കും പദവി നോക്കാതെ തന്നെ അവധികള്‍ അനുവദിക്കുന്നതിനായുള്ള ചട്ടം രൂപീകരിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് 180 ദിവസത്തെ പ്രസവാവധി ലഭിക്കുന്നുണ്ടെന്നും ഒന്നോ, രണ്ടോ കുട്ടികള്‍ക്ക് വിധേയമായി മുഴുവന്‍ ശമ്പളവും സൈനികര്‍ക്ക് നല്‍കുന്നതായും മന്ത്രാലയം പറഞ്ഞു. മുഴുവന്‍ സേവന ജീവിതത്തില്‍ 18 വയസിന് താഴെയുള്ള കുട്ടിയെ സംരക്ഷിക്കുന്നതിനായി 360 ദിവസത്തെ ശിശു സംരക്ഷണ അവധി മന്ത്രാലയം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഒരു വയസ്സില്‍ താഴെയുള്ള കുട്ടിയെയാണ് ദത്തെടുക്കുന്നതെങ്കില്‍, ദത്തെടുത്ത തീയതിക്ക് ശേഷം 180 ദിവസത്തെ കുട്ടികളെ ദത്തെടുക്കല്‍ അവധിയും അനുവദിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സ്ത്രീകള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ പ്രവര്‍ത്തനക്ഷമമായി വിന്യസിക്കപ്പെടുകയും യുദ്ധക്കപ്പലുകളില്‍ നിയോഗിക്കപ്പെടുകയും ആകാശത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്ത്രീകള്‍ ഇപ്പോള്‍ സായുധ സേനയിലെ എല്ലാ മേഖലകളിലെയും തടസ്സങ്ങള്‍ ഭേദിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

Content Highlight: Approval of maternity, child care and adoption leave for women in armed forces

We use cookies to give you the best possible experience. Learn more