| Monday, 14th October 2024, 5:19 pm

ശ്രീലങ്കയില്‍ അദാനി പവര്‍ പ്രൊജക്ടിനുള്ള അനുമതി പുനഃപരിശോധിക്കും: അനുര കുമാര ദിസനായകെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയില്‍ അദാനി പവര്‍ പ്രൊജക്ടിനുള്ള അനുമതി പുനഃപരിശോധിക്കുമെന്ന് ദിസനായകെ സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില് പദ്ധതി അവലോകനം ചെയ്യാനുള്ള തീരുമാനമെടുത്തതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

കാറ്റാടി വൈദ്യുതി പദ്ധതിക്ക് അദാനി ഗ്രൂപ്പിന് മുന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി അനുര കുമാര ദിസനായക സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

ഒക്ടോബര്‍ ഏഴിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി അവലോകനം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് അറ്റോര്‍ണി ജനറലിന് വേണ്ടി അഞ്ചംഗ ബെഞ്ച് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

നവംബര്‍ 14ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പുതിയ മന്ത്രിസഭയെ നിയമിച്ചതിന് ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 21ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ദിസനായകെ, നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യം അദാനിയുമായുള്ള പദ്ധതി അസാധുവാക്കുമെന്ന് പറഞ്ഞിരുന്നു.

പദ്ധതി ശ്രീലങ്കയ്ക്ക് ഭീഷണിയാണെന്നും പാര്‍ട്ടി വിജയിച്ചാല്‍ ഇത് റദ്ദാക്കുമെന്നും ദിസനായകെ പറഞ്ഞിരുന്നു.

ശ്രീലങ്കയിലെ മാന്നാര്‍, പൂനേരിന്‍ മേഖലകളില്‍ 484 മെഗാവാട്ട് കാറ്റാടി വൈദ്യുതി വികസിപ്പിക്കുന്നതിനുള്ള 20 വര്‍ഷത്തെ കരാറിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 440 മില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.

സുപ്രീ കോടതിയില്‍ നടന്ന വാദത്തില്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്നുള്ള ഈ പദ്ധതി മൗലികാവകാശങ്ങളെ ബാധിക്കുമെന്ന വാദങ്ങളും നേരിട്ടിരുന്നു. പദ്ധതി പ്രകാരം പാരിസ്ഥിതിക ആശങ്കകള്‍ ഉണ്ടെന്നും പദ്ധതിക്ക് സുതാര്യതയില്ലെന്നും ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു.

Content Highlight: Approval for Adani Power Project to be reviewed in Sri Lanka: Anura Kumara Dissanayake

We use cookies to give you the best possible experience. Learn more