ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെയും വിമത നീക്കങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ബി ടീമിന് നേരെ ചോദ്യങ്ങളുയരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ രാഹുല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച യൂത്ത് ബ്രിഗേഡിന് എന്താണ് സംഭവിക്കുന്നത് എന്നതിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്.
രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിര പൈലറ്റ് പരസ്യ കലാപം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസനുള്ളില്‍ ആശങ്കകള്‍ ഉടലെടുക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ആരാണ് അടുത്ത വിമതന്‍ എന്ന ചോദ്യമാണ് എല്ലാവരുടെയും മനസില്‍ ഉയരുന്നതെന്ന് അവര്‍ പറയുന്നു. ‘ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് നല്‍കിയിട്ടുള്ള നേതാക്കളുമായി മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ, അവരാരും ഞങ്ങളെ തൃപ്തരാക്കിയില്ല. തീര്‍ച്ചയായും ചില കാര്യങ്ങളില്‍ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്’ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പേരുവെളിപ്പെടുത്താത്ത ഒരാള്‍ പി.ടി.ഐയോട് പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദമുയര്‍ത്തിയ ഒടുവിലത്തെ നേതാക്കളാണ് സിന്ധ്യയും പൈലറ്റും. കോണ്‍ഗ്രസില്‍ ടീം രാഹുല്‍ എന്നറിയപ്പെട്ടിരുന്നവരാണ് ഇരുവരും.
മുന്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അശോക് തന്‍വാര്‍, മധ്യപ്രദേശ് മുന്‍ അധ്യക്ഷന്‍ അരുണ്‍ യാദവ്, മുംബൈയുടെ ഉത്തരവാദിത്തമുണ്ടായിരുന്ന മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, മുന്‍ പഞ്ചാബ് പാര്‍ട്ടി അധ്യക്ഷന്‍ പ്രതാപ് സിങ് ബജ്വ, ജാര്‍ഖണ്ഡ് യൂണിറ്റ് അധ്യക്ഷന്‍ അജോയ് കുമാര്‍, മുന്‍ കര്‍ണാടക അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു തുടങ്ങിയവരാണ് രാഹുലിന്റെ ടീമിലുണ്ടായിരുന്നത്.
ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മധുസൂദനന്‍ മിസ്ട്രി, ഉത്തര്‍ പ്രദേശ് മുന്‍ അധ്യക്ഷന്‍ രാജ് ബാബര്‍, രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ, മോഹന്‍ പ്രകാശ്, ദീപക് ബബാരിയ എന്നിവരും രാഹുലിനെ പിന്തുണയ്ക്കുന്ന ആ ഗ്രൂപ്പിലുണ്ടായിരുന്നു.
പാര്‍ട്ടിയില്‍ രാഹുലിന്റെ ടീമിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചതില്‍ ചില നേതാക്കള്‍ക്ക് നീരസമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് തന്നെ ഒരുഘട്ടത്തില്‍ സമ്മതിച്ചിരുന്നു. തങ്ങളുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും എന്ന തോന്നലുണ്ടായ പലരും വിരുദ്ധ മനോഭാവം പുലര്‍ത്തിയിരുന്നെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് പകരം പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ഇവര്‍ പ്രോത്സാഹനം നല്‍കിയതെന്നും പേരുവെളിപ്പെടുത്താത്ത പാര്‍ട്ടി വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് നേട്ടങ്ങള്‍ കൊയ്തതിന് ശേഷം പാര്‍ട്ടിക്കെതിരെ തിരിയുന്ന നേതാക്കള്‍ സ്വയം വഞ്ചിക്കുകയാണ്. പാര്‍ട്ടിയോട് ചോദ്യങ്ങളുന്നയിക്കേണ്ട സമയമല്ല ഇതെന്ന് എല്ലാവരും മനസിലാക്കണം. മറിച്ച് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്’, മറ്റൊരു മുതിര്‍ന്ന നേതാവ് പി.ടി.ഐയോട് പ്രതികരിച്ചു.
എന്നാല്‍, പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയുടെ ചുമലില്‍ ചാരുന്നത് ശരിയല്ലെന്നാണ് അശോക് തന്‍വാര്‍ അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച നേതാക്കള്‍ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ 21 സീറ്റുകളില്‍നിന്നും കോണ്‍ഗ്രസിന് 100ലധികം സീറ്റുകള്‍ നേടുക്കൊടുത്തത് സച്ചിന്‍ പൈലറ്റാണ്. ഹരിയാനയില്‍ യുവ നേതാക്കളുടെ ശ്രമഫലമായാണ് 30 സീറ്റുകളിലധികം നേടാനായത്. യുവ നേതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മറ്റൊന്നാകുമായിരുന്നെന്നും തന്‍വാര്‍ പറഞ്ഞു.
തലമുറ കൈമാറ്റത്തിലെ സംഘര്‍ഷമാണ് രാഹുലിന്റെ ടീമംഗങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്തതിന് കാരണമെന്നാണ് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ വിലയിരുത്തുന്നത്. അവരില്‍ ചിലര്‍ ഒരു ഘട്ടമെത്തുമ്പോള്‍ വിമത സ്വരമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിനുള്ളില്‍ ഈ തലമുറ സംഘര്‍ഷം രൂക്ഷമാണ്. പഴയ നേതാക്കള്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. യുവ നേതാക്കള്‍, പ്രത്യേകിച്ച് രാഹുലുമായി അടുപ്പമുള്ളവര്‍ ഒരു മാറ്റത്തിന് ശ്രമിക്കുകയും ചെയ്യുന്നു. ഇതോടെ സംഘര്‍ഷം വര്‍ധിക്കുകയും തങ്ങള്‍ അവഗണിക്കപ്പെടുന്നതായി യുവ നേതാക്കള്‍ക്ക് തോന്നുകയും ചെയ്തു. ഇതാണ് പ്രതിസന്ധികളുണ്ടാകാനുള്ള പ്രധാന കാരണം’, സെന്റര്‍ ഫോര്‍ ഡെവലപിങ് സൊസൈറ്റീസ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് മറ്റൊരു അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. ‘കോണ്‍ഗ്രസ് തലമുറകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് കരുതുന്നില്ല. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണ്. ദുഃഖകരമെന്ന് പറയട്ടെ, നമ്മുടെ ചില ആളുകള്‍ അവരുടെ കെണിയില്‍ കുരുങ്ങി. ആ നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും നീതി വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് സാധ്യമാക്കണം. പാര്‍ട്ടി അതിനായി ശ്രമിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ