| Wednesday, 15th June 2022, 4:16 pm

ട്രോളാനൊന്നും ഞാനില്ല; വിജയശതമാനം 99.26, കുട്ടികളേ നിങ്ങള് പൊളിയാണ്: പി.കെ. അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ആശംസകളുമായി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26 വിജയശതമാനം. കുട്ടികളേ, നിങ്ങള് പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേയെന്നും പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു. 2015ല്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം 98.57 ശതമാനമായിരുന്നു. അത് വരെ ഉള്ളതില്‍വെച്ച് റെക്കോര്‍ഡ് വിജയം എന്ന് എല്ലാവരും അന്ന് പ്രവചിച്ചിരുന്നു.

വിജയശതമാനം കൂടിയതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനുമെതിരെ വന്നിരുന്നു. എന്നാല്‍ പിന്നീട് ഓരോ വര്‍ഷവും ഈ റെക്കോര്‍ഡ് മറികടന്നു.

കഴിഞ്ഞ വര്‍ഷവും ഫേസ്ബുക്കിലൂടെ അബ്ദുറബ്ബ് പ്രതികരിച്ചിരുന്നു. വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോള്‍ മനസിലായോ എന്നാണ് ഫേസ്ബുക്കിലൂടെ അന്ന് അദ്ദേഹം ചോദിച്ചത്.

താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ വിജയശതമാനം കൂടിയതിന്റെ പേരില്‍ ട്രോളിയ സൈബര്‍ പോരാളികള്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം 99.26 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്.

ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്.

4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

Content Highlights: appreciated to the winners of the SSLC examination says that  Abdur Rabb

We use cookies to give you the best possible experience. Learn more