ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍
പ്രിയ വര്‍ഗീസിനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ചില പിഴവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം. അന്തിമ തീരുമാനം വരുന്നത് വരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥ് എന്നിവടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ യു.ജി.സിയും നിയമന പട്ടികയില്‍ ഉണ്ടായിരുന്ന ജോസഫ് സ്‌കറിയയും നല്‍കിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
പ്രിയ വര്‍ഗീസിന്റെ നിയമനം താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹരജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ നിയമനത്തിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി പ്രിയ വര്‍ഗീസിന്റെ അഭിഭാഷകരായ കെ.ആര്‍.സുഭാഷ് ചന്ദ്രനും, ബിജു പി.രാമനും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിയമനം കോടതി സ്‌റ്റേ ചെയ്തില്ല. ഹരജിയില്‍ പ്രിയ വര്‍ഗീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ച സമയമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ അനുവദിച്ചിട്ടുള്ളത്.
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
Content Highlight: Appointment of Priya Varghese; Supreme Court observes that there is an error in the High Court verdict