കെ.ടി.യു വി.സി നിയമനം; ഗവര്‍ണറെ മറികടന്ന് സ്വയം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്
Kerala News
കെ.ടി.യു വി.സി നിയമനം; ഗവര്‍ണറെ മറികടന്ന് സ്വയം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 5:35 pm

തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ യൂണിവേഴിസ്റ്റി (കെ.ടി.യു) വി.സി നിയമനത്തിനായി ഗവര്‍ണറെ മറികടന്ന് സ്വയം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാറും ചാന്‍സിലറായ ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ഗവര്‍ണറെ മറികടന്ന് കൊണ്ട് കെ.ടി.യു വി.സി നിയമനത്തിനായി സ്വയം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

കെ.ടി.യു വി.സിയായിരുന്ന എം.എസ്. രാജശ്രീ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിവെച്ചതിന് പിന്നാലെയാണ് വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടങ്ങിയത്. അതേ കെ.ടി.യുവില്‍ തന്നെയാണിപ്പോള്‍ ഗവര്‍ണറെ മറികടന്ന് കൊണ്ട് സ്വയം സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ ചട്ടപ്രകാരം ഗവര്‍ണറാണ് ഒരു സര്‍വകലാശാലയിലെ വൈസ്ചാന്‍സിലര്‍ നിയമനത്തിന് വേണ്ടിയുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ അധികാപ്പെട്ട ആള്‍. എന്നാല്‍ അതിനെ മറികടന്നുകൊണ്ടാണ് രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സ്വയം തീരുമാനമെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ വി.സി നിമയനവുമായി മുന്നോട്ട് പോകുമെന്നാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, യു.ജി.സി, സര്‍വകലാശാല പ്രതിനിധകളും ഇവര്‍ക്ക് പുറമെ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും ഈ സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, യു.ജി.സി ചെയര്‍മാന്‍, സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഇതിനോടകം തന്നെ ഔദ്യോഗികമായി നല്‍കിയിട്ടുണ്ട്.

സര്‍വകലാശാല വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ ചട്ടപ്രകാരമാണ് സര്‍ക്കാര്‍ ഈ തീരുമാമെടുത്തിരിക്കുന്നത്. എന്നാല്‍ ഈ ചട്ടം ഉള്‍ക്കൊള്ളുന്ന ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നില്ല. ഇത് രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. നേരത്തെ ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ച ചില ബില്ലുകളില്‍ സര്‍ക്കാറിന് അനുകൂലമായ തീരുമാനമാണ് രാഷ്ട്രപതിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നത്. ഈ ഉത്തരവുമായി ബന്ധപ്പെട്ട് ഇതുവരെ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

അതേ സമയം സംസ്ഥാനത്തെ വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ആവശ്യമായി ഇടപെടലുകള്‍ നടത്താന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മേരി ജോര്‍ജ് നല്‍കിയ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ ഈ പുതിയ ഉത്തരവ്.

content highlights: Appointment of KTU VC; The government is about to form a search committee by itself, bypassing the governor